ലൂസെയ്ൻ: 2021 ജൂലായിൽ തുടങ്ങുന്ന ടോക്യോ ഒളിമ്പിക്സിൽ റഷ്യൻ താരങ്ങൾക്ക് സ്വന്തം രാജ്യത്തിനുവേണ്ടി മത്സരിക്കാനാകില്ല. ഉത്തേജക വിവാദത്തിൽ റഷ്യയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി ശരിവെച്ചതോടെയാണിത്. നാലുവർഷത്തെ വിലക്ക് രണ്ടുവർഷമായി കുറച്ചിട്ടുണ്ട്. 2022 ഡിസംബർ 16 വരെ വിലക്ക് നിലനിൽക്കും. ഇതോടെ, 2022 ഫിഫ ലോകകപ്പിലും ടീമിന് മത്സരിക്കാനാകില്ല.
കായികതാരങ്ങളുടെ ഉത്തേജക പരിശോധനയുടെ ഫലമായി സമർപ്പിച്ച ലാബ് രേഖകളിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് കഴിഞ്ഞ ഡിസംബറിലാണ് റഷ്യയ്ക്ക് നാലുവർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. ഒളിമ്പിക്സിൽ സ്വന്തം രാജ്യത്തിന്റെ പേരിൽ മത്സരിക്കാനാകില്ലെങ്കിലും മറ്റ് ടീമുകൾക്കുവേണ്ടി മത്സരിക്കാം.