ചെന്നൈ: എ.ബി. ഡിവിലിയേഴ്‌സും ഗ്ലെൻ മാക്സ്‌വെല്ലും ആളിക്കത്തിയ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മിന്നുംജയം. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഞായറാഴ്ചത്തെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ 38 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോൽപ്പിച്ചു. 205 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കൊൽക്കത്ത 166 റൺസിൽ ഒതുങ്ങി. ഇതുവരെ ഐ.പി.എൽ. കിരീടം നേടാത്ത ബാംഗ്ലൂർ ഇത്തവണ ആദ്യ മൂന്നുമത്സരങ്ങളും ജയിച്ച് മുന്നേറുകയാണ്.

ഡിവിലിയേഴ്‌സ് 34 പന്തിൽ പുറത്താവാതെ 76 റൺസും മാക്സ്‌വെൽ 49 പന്തിൽ 78 റൺസും നേടി. ഇരുവരും മൂന്ന് സിക്സുകളും ഒമ്പത് ഫോറുകളും വീതം നേടി. ഡിവിലിയേഴ്‌സാണ് കളിയിലെ താരം.

20 പന്തിൽ 31 റൺസെടുത്ത ആന്ദ്രെ റസൽ ഇടയ്ക്കൊന്ന് വിറപ്പിച്ചതൊഴിച്ചാൽ കൊൽക്കത്തയുടെ ഭാഗത്തുനിന്ന് ബാംഗ്ലൂരിന് കാര്യമായ ഭീഷണിയുണ്ടായില്ല. മറ്റാർക്കും 30-നുമുകളിൽ സ്കോർ ചെയ്യാനായില്ല. ബാംഗ്ലൂരിനുവേണ്ടി കെയ്ൽ ജാമിസൺ മൂന്ന് വിക്കറ്റെടുത്തു. അതേസമയം, നാല് ഓവറിൽ 17 റൺസിന് രണ്ട് വിക്കറ്റെടുത്ത ഹർഷൽ പട്ടേലിന്റെ പ്രകടനം ഗംഭീരമായി. ഒറ്റബൗണ്ടറിപോലും ഹർഷൽ വഴങ്ങിയില്ല. അവസാന രണ്ട്‌ ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ 44 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ, 19-ാം ഓവറിൽ മുഹമ്മദ് സിറാജ് വിട്ടുകൊടുത്തത് ഒറ്റ റൺ മാത്രം.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഒമ്പത് റൺസിനിടെ രണ്ട് വിക്കറ്റ് വീണു. ക്യാപ്റ്റൻ വിരാട് കോലിയും (ആറുപന്തിൽ അഞ്ച്) രജത് പട്ടിദാറും (രണ്ട് പന്തിൽ ഒന്ന്) പുറത്ത്. ദേവ്ദത്ത് പടിക്കൽ 28 പന്തിൽ 25 റൺസെടുത്തു. പിന്നീട് മാക്സ്‌വെല്ലും ഡിവിലിയേഴ്‌സും സംഹാരരൂപം പ്രാപിച്ചതോടെ ബാംഗ്ലൂർ സ്കോർ കുതിച്ചു. അവസാന അഞ്ച്‌ ഓവറിൽ 70 റൺസ് പിറന്നു. മാക്സ്‌വെൽ 28 പന്തിലും ഡിവിലിയേഴ്‌സ് 27 പന്തിലും അർധസെഞ്ചുറി പിന്നിട്ടു. അഞ്ചാം വിക്കറ്റിൽ ഡിവിലിയേഴ്‌സും കെയ്ൽ ജാമിസണും (നാല് പന്തിൽ 11*) ചേർന്ന് 16 പന്തിലാണ് 50 റൺസെടുത്തത്.

സ്കോർ ചുരുക്കത്തിൽ

ടോസ്: ബാംഗ്ലൂർ (ബാറ്റിങ്)

20 ഓവറിൽ നാലിന് 204

എ.ബി. ഡിവിലിയേഴ്‌സ് 76 (34)

ഗ്ലെൻ മാക്സ്‌വെൽ 78 (49)

ദേവ്ദത്ത് പടിക്കൽ 25 (28)

ബൗളിങ്: വരുൺ ചക്രവർത്തി 4-0-39-2, പ്രസിദ്ധ് കൃഷ്ണ 4-0-31-1

കൊൽക്കത്ത 20 ഓവറിൽ എട്ടിന് 166

ആന്ദ്രെ റസൽ 31 (20)

ഒയിൻ മോർഗൻ 29 (23)

ബൗളിങ്: ജാമിസൺ 3-0-41-3, ഹർഷൽ പട്ടേൽ 4-0-17-2