ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ കരുത്തരായ ചെൽസി ബ്രെന്റ്‌ഫോഡിനെ തോൽപ്പിച്ചു (1-0).

45-ാം മിനിറ്റിൽ ബെൻ ചിൽവെൽ നിർണായക ഗോൾ നേടി. ജയത്തോടെ, എട്ടു കളിയിൽ 19 പോയന്റുമായി ചെൽസി ലീഗിൽ ഒന്നാമതെത്തി. ലിവർപൂൾ (18), മാഞ്ചെസ്റ്റർ സിറ്റി (17) ടീമുകളാണ് തൊട്ടുപിന്നിൽ. മറ്റൊരു കളിയിൽ വോൾവ്‌സ് ആസ്റ്റൺവില്ലയെ തോൽപ്പിച്ചു (3-2). റൊമിയൻ സായ്‌സ് (80), കോണോർ കോവാഡി (85), റൂബൻ നവാസ് (90+5) എന്നിവർ ഗോൾ നേടി. ഡാനി ഇങ്‌സ് (48), ജോൺ മാഗ് ഗിൻ (68) എന്നിവർ വില്ലയ്ക്കായി സ്കോർ ചെയ്തു.

മിലാൻ മുന്നോട്ട് ഇന്ററിന് തോൽവി

മിലാൻ: ഇറ്റാലിയൻ സീരി എയിൽ എ.സി. മിലാൻ കുതിപ്പ് തുടരുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ഇന്റർമിലാന് തോൽവി.

എ.സി. മിലാൻ 3-2 ന് ഹെല്ലാസ് വെറോണയെ തോൽപ്പിച്ചു. ഒളിവർ ജിറൂഡ് (59), ഫ്രാങ്ക് കെസ്സിയെ (പെനാൽട്ടി 76) എന്നിവർ മിലാനായി ഗോൾ നേടി. കോറോയെ ഗുന്ററിന്റെ (78) സെൽഫ് ഗോളും ടീമിന് ലഭിച്ചു. ജിയാൻലുക്ക കപ്രാറി (ഏഴ്), അൻന്റോണിൻ ബരാക് (പെനാൽട്ടി 24) എന്നിവർ വെറോണയുടെ ഗോൾ നേടി.

ലാസിയോയാണ് ഇന്ററിനെ തോൽപ്പിച്ചത് (3-1). സിറോ ഇമ്മൊബിലെ (പെനാൽട്ടി 64), ഫിലിപ്പ് ആൻഡേഴ്‌സൻ (81), സെർജെ മിലിൻകോവിച്ച് (90) എന്നിവർ ലാസിയോയ്ക്കായി ഗോൾ നേടി. ഇവാൻ പെരിസിച്ച് (പെനാൽട്ടി 12) ഇന്ററിനായി ലക്ഷ്യം കണ്ടു. എട്ട് കളിയിലായി 22 പോയന്റുള്ള മിലാൻ ഒന്നാംസ്ഥാനത്താണ്. 17 പോയന്റുള്ള ഇന്റർ മൂന്നാമതാണ്.