ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കോച്ച് സ്ഥാനത്തേക്ക് ബി.സി.സി.ഐ. അപേക്ഷ ക്ഷണിച്ചു. മുൻ ക്യാപ്റ്റനും അണ്ടർ 19 ടീമിന്റെ കോച്ചുമായിരുന്ന രാഹുൽ ദ്രാവിഡ് പരിശീലകനാകുമെന്ന് ഏറക്കുറെ ഉറപ്പായതിനാൽ, കോച്ചിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ നിയമാനുസൃതം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. കോച്ചിനെ തിരഞ്ഞെടുക്കാനുള്ള വിദഗ്ധസമിതിയെ ഉടൻ തീരുമാനിക്കും.

കഴിഞ്ഞദിവസം ഐ.പി.എൽ. ക്രിക്കറ്റ് ഫൈനലിനിടെ ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പരിശീലകസ്ഥാനം ഏറ്റെടുക്കാൻ ദ്രാവിഡ് തയ്യാറായത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 30 ടെസ്റ്റും 50 ഏകദിനങ്ങളും കളിച്ച പരിചയം, കൂടെ ദേശീയ ടീമിന്റെ കോച്ചായി രണ്ടുവർഷം അല്ലെങ്കിൽ ഐ.പി.എൽ. ടീം കോച്ചായി മൂന്നുവർഷം എന്നിവയാണ് ഇന്ത്യൻ പരിശീലകനാകാനുള്ള അടിസ്ഥാന യോഗ്യത. ട്വന്റി 20 ലോകകപ്പിനുശേഷം പുതിയ കോച്ച് സ്ഥാനം ഏറ്റെടുക്കും.