മാലെ: ടൂർണമെന്റിലെ മനോഹരമായ ഗോൾ, അതും ഫൈനലിൽ. അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോൾവേട്ടയ്ക്ക് ഇതിലും മികച്ചതുടക്കം കിട്ടാനില്ല. മലയാളി താരം സഹൽ അബ്ദുസമദിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യഗോൾ തന്നെ തരംഗമായി.

സാഫ് കപ്പ് ഫുട്‌ബോൾ ഫൈനലിൽ അവസാനഘട്ടത്തിൽ പകരക്കാരനായെത്തിയ സഹൽ രണ്ട് നേപ്പാൾ പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് ഗോൾകീപ്പറെയും മറികടന്നാണ് ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ റഹീം അലി നൽകിയ പാസിൽനിന്നാണ് ഗോൾ വന്നത്. ഇന്ത്യക്കായി 14-ാമത്തെ മത്സരത്തിലാണ് മധ്യനിരതാരം ഗോൾ നേടിയത്.