മുംബൈ: 24 വര്‍ഷം നീണ്ട തന്റെ കരിയറില്‍ 10-12 വര്‍ഷത്തോളം ആശങ്കയും ഉത്കണ്ഠയുമായാണ് കളിച്ചിരുന്നതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. കോവിഡ് കാലത്ത് ബയോ ബബിളില്‍ കഴിയുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് സൂചിപ്പിക്കുമ്പോഴാണ് സച്ചിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മത്സരം തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ ഞാന്‍ ഉത്കണ്ഠാകുലനാകുമായിരുന്നു. മത്സരത്തിനു മുമ്പുള്ള രാത്രികളില്‍ പലപ്പോഴും ഉറക്കം നഷ്ടമാവും. ടി.വി. കണ്ടും വീഡിയോ ഗെയിം കളിച്ചും രാത്രി തള്ളിനീക്കും. പിന്നീട്, മനസ്സിലായി ഈ ആശങ്കകളെല്ലാം മത്സരത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗം മാത്രമാണെന്ന്. രാവിലെ തനിയെ ചായയുണ്ടാക്കിയും വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടും സമ്മര്‍ദം ലഘൂകരിച്ചു. ഇന്ത്യയ്ക്കുവേണ്ടി അവസാന മത്സരം കളിക്കുന്നതുവരെ ഈ ശീലം തുടര്‍ന്നു. ശാരീരിക ക്ഷമതയ്ക്കൊപ്പം മാനസികാരോഗ്യവും പ്രധാനമാണെന്ന് ഞാന്‍ മനസ്സിലാക്കി. -സച്ചിന്‍ പറഞ്ഞു.

പരിക്ക് പറ്റിയാല്‍ ഫിസിയോയും ഡോക്ടര്‍മാരുമെല്ലാം പരിചരിക്കാനെത്തും. മാനസികാരോഗ്യത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകേണ്ടിവരുമെന്ന യാഥാര്‍ഥ്യം അംഗീകരിക്കണം. താരങ്ങള്‍ക്കൊപ്പമുള്ളവരും അത് തിരിച്ചറിയണമെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു.