ടോക്യോ: ജപ്പാനിലെ 80 ശതമാനം ജനങ്ങളും ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിന് എതിരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. കോവിഡ് കാരണം ഈ വര്‍ഷത്തേക്ക്‌ മാറ്റിവെക്കപ്പെട്ട ഒളിമ്പിക്സിന് 10 ആഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് ജനങ്ങളുടെ പ്രതികരണം. കോവിഡിന്റെ നാലാം തരംഗം നേരിടുന്ന ജപ്പാന്‍ വെള്ളിയാഴ്ച അടിയന്തരാവസ്ഥ നീട്ടിയിരുന്നു.

ആഷി ഷിംബുന്‍ പത്രം നടത്തിയ സര്‍വേയില്‍ 43 ശതമാനം പേര്‍ ഗെയിംസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. 40 ശതമാനം പേര്‍ ഗെയിംസ് നീട്ടിവെക്കണമെന്ന അഭിപ്രായക്കാരാണ്. 14 ശതമാനം പേര്‍ ഗെയിംസ് നടത്തുന്നതിനെ അനുകൂലിച്ചു. ഒരുമാസം മുമ്പ് നടന്ന സര്‍വേയില്‍ ഒളിമ്പിക്സ് റദ്ദാക്കണമെന്ന് 35 ശതമാനം ജനങ്ങളും മാറ്റിവെക്കണമെന്ന് 34 ശതമാനം പേരും ആവശ്യപ്പെട്ടിരുന്നു. ഗെയിംസുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും സംഘാടകരും.