ബുക്കാറെസ്റ്റ്: ഇരുടീമുകളും പെനാൽട്ടി പാഴാക്കിയ മത്സരത്തിൽ യുക്രൈൻ വടക്കൻ മാസിഡോണിയയെ കീഴടക്കി (2-1). യൂറോകപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ യുക്രൈന്റെ ആദ്യജയമാണിത്. ആൻഡ്രി യാർമൊലെങ്കോ (29), റോമാൻ യാരെംചുക് (34) എന്നിവർ യുക്രൈനായും എസ്ജാൻ അലിയോസ്‌കി (57) മാസിഡോണിയയ്ക്കുവേണ്ടിയും ഗോൾ നേടി. പെനാൽട്ടി നഷ്ടപ്പെടുത്തിയ അലിയോസ്‌കി റീബൗണ്ടിലാണ് ലക്ഷ്യംകണ്ടത്. കളിയുടെ അവസാനഘട്ടത്തിൽ ലഭിച്ച പെനാൽട്ടി യുക്രൈൻ കാരം റുസ്ലാൻ മലിനോവ്‌സ്‌കി നഷ്ടപ്പെടുത്തി.

ആദ്യപകുതിയിൽ യുക്രൈൻ ആക്രമിച്ചുകളിച്ചു. 29-ാം മിനിറ്റിൽ കോർണറിൽനിന്നുവന്ന പന്തിനെ ഒലക്‌സാണ്ടർ കരവയേവ് ബാക്ക് ഹീൽ പാസിലൂടെ പോസ്റ്റിന് സമാന്തരമായി നൽകി. നായകൻ ആൻഡ്രി യാർമൊലെങ്കോ കൃത്യമായി പന്തിനെ വലയിലെത്തിച്ചു. അഞ്ചുമിനിറ്റിനകം യുക്രൈൻ ലീഡുയർത്തി. യാർമൊലെങ്കോ നൽകിയ മനോഹരമായ പാസിൽ റോമൻ യാരെംചുക്ക് ലക്ഷ്യംകണ്ടു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മാസിഡോണിയ ഒരു ഗോൾ മടക്കി. 57-ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി കിക്കിനെ തുടർന്നാണ് ഗോൾ വന്നത്. എസ്ജാൻ അലിയോസ്‌കിയെടുത്ത കിക്ക് യുക്രൈൻ ഗോളി ജോർജി ബുസ്ചാൻ തടുത്തിട്ടെങ്കിലും റീബൗണ്ടിനെ അലോസ്‌കിതന്നെ ലക്ഷ്യത്തിലെത്തിച്ചു. 83-ാം മിനിറ്റിൽ യുക്രൈന് അനുകൂലമായി പെനാൽട്ടി ലഭിച്ചു. ഡാനിയേൽ അവറാമോവ്‌സകി ബോക്‌സിൽ പന്ത് കൈകൊണ്ടു തട്ടിയതിനാണ് പെനാൽട്ടി വിധിച്ചത്. എന്നാൽ, റുസ്ലാൻ മലിനോവ്‌സ്‌കിയെടുത്ത കിക്ക് മാസിഡോണിയ ഗോളി സ്‌റ്റോൾ ദിമിത്രെവ്‌സ്‌കി രക്ഷപ്പെടുത്തി.