മഡ്രിഡ്: പ്രതിരോധത്തിൽ മതിൽ സൃഷ്ടിച്ച് 16 വർഷത്തോളം റയൽ മഡ്രിഡ് ഫുട്ബോൾ ക്ലബ്ബിനായി പോരാടിയ സെർജിയോ റാമോസ് ടീം വിടുകയാണെന്ന് പ്രഖ്യാപിച്ചു. ഏറെക്കാലമായി റയലിന്‍റെ നായകൻകൂടിയായ റാമോസ് ക്ലബ്ബുമായി രണ്ടുവർഷത്തെ കരാർ ആഗ്രഹിച്ചിരുന്നു. ഒരു വർഷത്തെ കരാർ നൽകാമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. 30 കഴിഞ്ഞ താരങ്ങൾക്ക് ഒരു വർഷത്തിൽ കൂടുതലുള്ള കരാർ നൽകില്ലെന്ന തീരുമാനത്തിൽ ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് ഉറച്ചുനിന്നതോടെ വേർപിരിയൽ അനിവാര്യമായി.

റയലിനായി 671 മത്സരം കളിച്ച റാമോസ് 101 ഗോൾ നേടി. 2005-ൽ സെവിയയിൽനിന്നാണ് റാമോസ് റയലിലെത്തുന്നത്. അഞ്ച് ലാലിഗ, നാല് ചാമ്പ്യൻസ് ലീഗ്, നാല് ക്ലബ്ബ് ലോകകപ്പ്, മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പ്, രണ്ട് കിങ്‌സ് കപ്പ്, നാല് സ്പാനിഷ് സൂപ്പർ കപ്പ് കിരീടവിജയങ്ങളിൽ പങ്കാളിയായി. പ്രതിരോധനിരതാരമാണെങ്കിലും നിർണായഘട്ടങ്ങളിൽ ഗോളടിച്ചും ടീമിനെ ജയിപ്പിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റി റാമോസിന് പിറകെയുണ്ട്.