ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിലെ ഗ്രൗണ്ടിൽ ഇന്ത്യൻ ക്രിക്കറ്റർമാരുടെ ‘അദ്ഭുത പ്രവൃത്തികൾ’ തുടരുന്നു. നാലാം ടെസ്റ്റിൽ, ഔദ്യോഗിക ബാറ്റ്‌സ്മാന്മാരെല്ലാം മടങ്ങിയശേഷം വാഷിങ്ടൺ സുന്ദറും (62), ശാർദൂൽ ഠാക്കൂറും (67) ചേർന്ന് 123 റൺസടിച്ച് ഞായറാഴ്ച ഒാസ്ട്രേലിയയെ ഞെട്ടിച്ചു. ആറു വിക്കറ്റിന് 186 എന്ന നിലയിൽ ഇന്ത്യ പ്രതിസന്ധിയിലായിരിക്കേയാണ്, ആദ്യ അന്താരാഷ്ട്ര ടെസ്റ്റിനിറങ്ങിയ വാഷിങ്ടണും രണ്ടാം ടെസ്റ്റ് കളിക്കുന്ന ശാർദൂലും ചേർന്ന് 36 ഒാവറിലേറെ ബാറ്റുചെയ്തത്. എട്ടാമനായി ഇറങ്ങിയ ശാർദൂൽ ഇന്ത്യയുടെ ടോപ് സ്കോററുമായി. ഈ കൂട്ടുകെട്ട് പിരിഞ്ഞശേഷവും ഇന്ത്യ പത്ത് ഓവറോളം ബാറ്റുചെയ്തു.

ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 336 റൺസിന് പുറത്തായതോടെ ഓസ്‌ട്രേലിയ 33 റൺസ് ലീഡ് നേടി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ആതിഥേയർ ഞായറാഴ്ച കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസെടുത്തു. രണ്ടു ദിവസവും പത്തു വിക്കറ്റും ശേഷിക്കേ 54 റൺസ് മുന്നിലാണ് ഒാസീസ്. സ്കോർ: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 369, രണ്ടാം ഇന്നിങ്‌സ് വിക്കറ്റ് നഷ്ടമില്ലാതെ 21. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 336.

ഡേവിഡ് വാർണർ (20*), മാർക്കസ് ഹാരിസ് (1*) എന്നിവരാണ് ക്രീസിൽ. അതിവേഗം സ്കോർ ചെയ്ത് തിങ്കളാഴ്ച അവസാന ഘട്ടത്തിൽ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കാനാകും ഓസ്‌ട്രേലിയയുടെ ശ്രമം. അതിനിടെ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. ഓസ്‌ട്രേലിയക്കുവേണ്ടി ജോഷ് ഹേസൽവുഡ് അഞ്ചുവിക്കറ്റ് നേടി.

രണ്ടിന് 62 എന്ന നിലയിൽ ഞായറാഴ്ച ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് ചേതേശ്വർ പുജാരയെ. ഹേസൽവുഡിന്റെ ഉജ്ജ്വല പന്ത് ബാറ്റിലുരസി നേരെ കീപ്പറുടെ കൈകളിൽ. മൂന്നാം വിക്കറ്റിൽ പുജാര - രഹാനെ സഖ്യം 45 റൺസ് ചേർത്തു. തുടർന്ന് അജിൻക്യ രഹാനെ (37), മായങ്ക് അഗർവാൾ (38), ഋഷഭ് പന്ത് (23) എന്നിവരും മടങ്ങിയതോടെ ഇന്ത്യ ആറിന് 186. ഔദ്യോഗിക ബാറ്റ്‌സ്മാൻമാരെല്ലാം ഇതിനകം മടങ്ങിയിരുന്നു.

ഇവിടെവെച്ചാണ് വാഷിങ്ടൺ-ശാർദൂൽ സഖ്യം ഒത്തുചേർന്നത്.

ശാർദൂൽ എത്തുമ്പോൾ വാഷിങ്ടൺ 20 പന്ത് നേരിട്ടുകഴിഞ്ഞിരുന്നു. ആദ്യ പന്തിൽ എൽബി അപ്പീലിനെയും റൺഔട്ട് അപകടത്തെയും അതിജീവിച്ച ശാർദൂൽ മൂന്നാം പന്തിൽ കമ്മിൻസിനെ സിക്സ് അടിച്ചത് ഒരു മുന്നറിയിപ്പായിരുന്നു. ഇടയ്ക്കിടെ ബൗണ്ടറികളുമായി ഇരുവരും സ്കോർ ഉയർത്തി.

പുതിയ പന്ത് വന്നശേഷം ശാർദൂൽ ഹേസൽവുഡിനെ അടുപ്പിച്ച് രണ്ട് ബൗണ്ടറിയടിച്ചു. ഇതിനിടെ ഹേസൽവുഡിന്റെ പന്ത് വിരലിൽകൊണ്ട് മെഡിക്കൽ സഹായം തേടുകയും ചെയ്തു. 47-ൽ നിൽക്കേ നേഥൻ ലയണിനെ സിക്സറിന് പറത്തി ശാർദൂൽ ടെസ്റ്റിലെ ആദ്യ അർധസെഞ്ചുറി കുറിച്ചു. അടുത്ത ഓവറിൽ വാഷിങ്ടണും അർധസെഞ്ചുറി തികച്ചു.

പുതിയ പന്ത് വന്നിട്ടും കൂട്ടുകെട്ട് പൊളിക്കാനാവാതെ ഓസ്‌ട്രേലിയൻ ബൗളർമാർ നിരാശരായി. ഒടുവിൽ, ശാർദൂലിനെ കമ്മിൻസ് ക്ലീൻ ബൗൾഡ് ചെയ്തപ്പോൾ സഖ്യം 217 പന്ത് നേരിട്ടിരുന്നു. ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ഈ കൂട്ടുകെട്ടിനായി. 144 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതമാണ് വാഷിങ്ടൺ 62 റൺസടിച്ചത്. 115 പന്ത് നേരിട്ട ശാർദൂൽ ഒമ്പത് ഫോറും രണ്ട് സിക്സുമടിച്ചു. മുഹമ്മദ് സിറാജ് 13 റൺസടിച്ചു. അവസാന നാല് വിക്കറ്റിൽ ഇന്ത്യ 150 റൺസടിച്ചു.