ക്വാലാലംപുർ: ഇന്ത്യൻ വനിതാ താരം ബാലാദേവി ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ ആഴ്ചയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് മണിപ്പൂർ താരം നേട്ടത്തിനർഹയായത്. സ്‌കോട്ടിഷ് ക്ലബ്ബ് റേഞ്ചേഴ്‌സിന്റെ താരമാണ്.
ടോട്ടനം താരം സൺ ഹ്യൂങ് മിൻ, ചെൽസി താരം സാം കെർ, ഇറാന്റെ സർദാർ അസ്മൗൻ, ലിയോണിന്റെ സാക്കി കുമാഗായ്, പോർട്ടോയുടെ മെഹ്ദി ടെറമി എന്നിവരെ പിന്തള്ളിയാണ് ബാലാദേവി ഒന്നാമതെത്തിയത്. 50 ശതമാനം വോട്ടാണ് ലഭിച്ചത്.
കഴിഞ്ഞ ആഴ്ച സ്കോട്ടിഷ് വനിതാ ലീഗിൽ റേഞ്ചേഴ്‌സിനായി ബാലാദേവി ഗോൾ നേടിയിരുന്നു. യൂറോപ്യൻ മുൻനിര ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം ഇതോടെ സ്വന്തമായി. ഗോൾനേട്ടമാണ് ഇന്ത്യൻ താരത്തിന് തുണയായത്. യൂറോപ്പിലെ മുൻനിര ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരംകൂടിയാണ്.