മുംബൈ: ദീപക് ചാഹറിന്റെ തീപ്പൊരി ബൗളിങ്ങിൽ തകർന്ന പഞ്ചാബിനെ അനായാസം കീഴടക്കി ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ആദ്യജയം നേടി. ആറ് വിക്കറ്റിനാണ് ജയം. 20 ഓവറിൽ പഞ്ചാബ് നേടിയ 106 റൺസിനെ 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു.

31 പന്തിൽ 46 റൺസ് നേടിയ മോയിൻ അലിയും 33 പന്തിൽ 36 റൺസെടുത്ത ഫാഫ് ഡുപ്ലെസിസുമാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. സ്കോർ 99-ൽ നിൽക്കെ സുരേഷ് റെയ്‌ന (8) അമ്പാട്ടി റായ്ഡു (പൂജ്യം) എന്നിവരെ മുഹമ്മദ് ഷമി തുടരെയുള്ള പന്തുകളിൽ മടക്കിയെങ്കിലും വിജയം തടയാനായില്ല. നേരത്തേ നാല് ഓവറിൽ 13 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ പേസർ ദീപക് ചാഹറിന് മുന്നിലാണ് പഞ്ചാബ് തകർന്നു വീണത്. ചാഹറാണ് കളിയിലെ താരം.

തകർപ്പൻ ചാഹർ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി പഞ്ചാബിനെ തകർപ്പൻ ബൗളിങ്ങിലൂടെ ചാഹർ വരിഞ്ഞിട്ടു. 36 പന്തിൽ 47 റൺസ് നേടിയ ഷാരൂഖ് ഖാൻ മാത്രമാണ് പിടിച്ചുനിന്നത്. ആദ്യഓവറിൽത്തന്നെ ചാഹർ പഞ്ചാബിനെ ഞെട്ടിച്ചു. ചെന്നൈ പേസറുടെ ഗുഡ് ലെങ്ത് ബോളിൽ പഞ്ചാബ് ഓപ്പണർ മായങ്ക് അഗർവാളിന്റെ പ്രതിരോധം (പൂജ്യം) തകർന്നു. സ്കോർ 15-ലെത്തിയപ്പോൾ നായകൻ ലോകേഷ് രാഹുൽ (5) രവീന്ദ്ര ജഡേജയുടെ തകർപ്പൻ ത്രോയിൽ റണ്ണൗട്ടായി. സ്കോർ ബോർഡിൽ നാല് റൺസ് കൂടിചേർത്തപ്പോഴേക്കും ക്രിസ് ഗെയിലും (10) നിക്കോളാസ് പൂരാനും (പൂജ്യം) തിരികെയെത്തി. ദീപക് ഹൂഡയും (10) വീണതോടെ സ്കോർ അഞ്ചിന് 26 എന്ന നിലയിലായി.

എന്നാൽ, ആറാം വിക്കറ്റിൽ ഷാരൂഖ് ഖാനും ജെ. റിച്ചാർഡ്‌സനും ചേർന്ന് 29 റൺസ് കൂട്ടിചേർത്തു. നാല് ബൗണ്ടറിയും രണ്ട് സിക്സും അടക്കം 47 റൺസെടുത്ത ഷാരൂഖ് സാം കറന്റെ പന്തിലാണ് പുറത്തായത്. റിച്ചാർഡ്‌സനെ മോയിൻ അലിയും മടക്കി.

സ്കോർ ചുരുക്കത്തിൽ

ടോസ്: ചെന്നൈ (ഫീൽഡിങ്)

പഞ്ചാബ്: 20 ഓവറിൽ എട്ടിന് 106. ഷാരൂഖ് ഖാൻ 47 (36). ബൗളിങ് ദീപക് ചാഹർ 4-1-13-4. സാം കറൻ 3-0-12-1, മോയിൻ അലി 3-0-17-1

ചെന്നൈ 15.4 ഓവറിൽ നാലിന് 107.

മോയിൻ അലി 46 (31), ഫാഫ് ഡുപ്ലെസിസ് 36 (33). ബൗളിങ്: മുഹമ്മദ് ഷമി 4-0-21-2, അർഷ്ദീപ് സിങ് 2-0-7-1.