വാറങ്കൽ (തെലങ്കാന ): ദേശീയ ഓപ്പൺ അത്‌ലറ്റിക്സിന്റെ രണ്ടാംദിനം വനിതകളുടെ 1500 മീറ്റററിൽ ദേശീയ റെക്കോഡുമായി പഞ്ചാബിന്റെ ഹർമിലൻ കൗർ ബെയ്ൻസ്. നാലുമിനിറ്റ് 05.39 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഹർമിലൻ 2002-ൽ സുനിതാ റാണി സ്ഥാപിച്ച റെക്കോഡ് (4:06.03) മറികടന്നു. പുരുഷന്മാരുടെ 100 മീറ്ററിൽ ആന്ധ്രയുടെ നരേഷ് കുമാറും (10.30 സെ.), വനിതകളിൽ ഡൽഹിയുടെ തരൺജീത്ത് കൗറും (11.50 സെ.) ജേതാക്കളായി.

ആറു സ്വർണം ഉൾപ്പെടെ 16 മെഡലുമായി റെയിൽവേസ് ഒന്നാംസ്ഥാനത്ത്. കേരളത്തിന് മെഡൽ ഇല്ല.

പുരുഷന്മാരുടെ 400 മീറ്ററിൽ, സർവീസസിനുവേണ്ടി മലയാളി താരം മുഹമ്മദ് അജ്മൽ (46.84 സെ.) സ്വർണം നേടി. പുരുഷ ലോങ്ജമ്പിൽ റെയിൽവേസിന്റെ ആർ. സ്വാമിനാഥൻ (7.73 മീറ്റർ) സ്വർണം നേടിയപ്പോൾ മലയാളിയായ നിർമൽ സാബു (റെയിൽവേസ്, 7.67 മീറ്റർ) വെങ്കലം നേടി.