ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്ത് തുടരും, ട്വന്റി 20-യിൽ കളിക്കാരനായി ഉണ്ടാകും

ന്യൂഡൽഹി: ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻസ്ഥാനം ഒഴിയുന്നതായി വിരാട് കോലി പ്രഖ്യാപിച്ചു. അടുത്തമാസം ദുബായിൽ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പിനുശേഷമായിരിക്കും നായകപദവി ഒഴിയുക. വ്യാഴാഴ്ച ട്വിറ്ററിലൂടെ കോലിതന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലോകകപ്പ് ഒക്ടോബർ 17-ന് തുടങ്ങും. ഓപ്പണർ രോഹിത് ശർമ ട്വന്റി 20 നായകനായേക്കും.

ഇന്ത്യയുടെ മുഖ്യകോച്ച് രവിശാസ്ത്രി, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ടീമിലെ മുതിർന്ന അംഗം രോഹിത് ശർമ എന്നിവരുമായി കൂടിയാലോചിച്ചാണ് കോലിയുടെ തീരുമാനം എന്നറിയുന്നു.

പരിമിത ഓവർ ക്രിക്കറ്റിലെ നായകപദവി കോലി ഒഴിയുമെന്ന് കുറച്ചുദിവസമായി സൂചനയുണ്ടായിരുന്നു. എന്നാൽ, ഏകദിനത്തിലെ നായകപദവി ഒഴിഞ്ഞിട്ടില്ല. ഐ.പി.എലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ചുവട്ടം കിരീടത്തിലേക്ക് നയിച്ചതാണ് രോഹിത് ശർമയ്ക്ക് അനുകൂലമായത്.

‘ഒമ്പതു വർഷത്തോളമായി മൂന്നു ഫോർമാറ്റിലും തുടർച്ചയായി കളിക്കുന്നു. അഞ്ചാറുവർഷമായി മൂന്നു ഫോർമാറ്റിലും ടീമിനെ നയിക്കുന്നു. ജോലിഭാരം കഠിനമാണ്. എന്റെ മുഴുവൻ സമയവും ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ ടീമിനെ നയിക്കാൻ വിനിയോഗിക്കണമെന്നുതോന്നുന്നു. നായകനായിരുന്നകാലത്ത് എന്റെ കഴിവിന്റെ പരമാവധി ഞാൻ ടീമിനുവേണ്ടി നൽകി. ഇനി കളിക്കാരനായും അങ്ങനെയായിരിക്കും’ -ട്വിറ്ററിൽ കോലി കുറിച്ചു.