ലണ്ടൻ: കർശനമായ കോവിഡ് ചട്ടങ്ങൾ കാരണം, ഓസ്‌ട്രേലിയയ്ക്കെതിരായ ആഷസ് ടെസ്റ്റിൽനിന്ന് പിന്മാറാൻ ഇംഗ്ലീഷ് താരങ്ങൾ ആലോചിക്കുന്നു. ഈവർഷം ഡിസംബറിലും 2022 ജനുവരിയിലുമായാണ് ഓസ്‌ട്രേലിയയിൽ അഞ്ചു ടെസ്റ്റുകളുടെ പരമ്പര നിശ്ചയിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ ഇപ്പോഴും കോവിഡ് നിയന്ത്രണം ശക്തമാണ്. പരിശീലനത്തിനല്ലാതെ താരങ്ങൾ മുറിക്ക് പുറത്തിറങ്ങാൻ പാടില്ല, കുടുംബാംഗങ്ങളെ കൂടെക്കൂട്ടാൻ പാടില്ല തുടങ്ങി പല നിബന്ധനകളുമുണ്ട്. മത്സരത്തിനുമുമ്പ് 15 ദിവസത്തെ ക്വാറന്റീനുമുണ്ട്.ഇപ്പോൾ ഐ.പി.എലിനായി ദുബായിൽ എത്തുന്ന താരങ്ങൾ അടുത്തമാസം ട്വന്റി 20 ലോകകപ്പും കഴിഞ്ഞ് നേരേ ഓസ്‌ട്രേലിയയിലേക്ക് തിരിക്കുന്ന രീതിയിലാണ് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ടൂർ പ്ലാൻ ചെയ്തത്. ഇത്രയും കാലം കുടുംബത്തെ പിരിഞ്ഞിരിക്കേണ്ടിവരുമെന്നതും ഇംഗ്ലീഷ് കളിക്കാരുടെ താത്‌പര്യക്കുറവിന് കാരണമായി.

ആഷസ് ടെസ്റ്റ് പരമ്പരയുടെ തീയതി നീട്ടാൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പരമ്പരയിൽനിന്ന് പിന്മാറണമെന്ന ആവശ്യമുയർന്നത്. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പരയിൽനിന്ന് പിന്മാറുന്നത് അത്ര എളുപ്പമായിരിക്കില്ല.