ന്യൂഡൽഹി: ബാറ്റിങ് പ്രതിഭകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ തലമുറകളുടെ ആദരം പിടിച്ചുപറ്റിയ രാഹുൽ ദ്രാവിഡ് ഇനി ടീമിന് വഴികാട്ടിയാകും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത കോച്ചായി ദ്രാവിഡിനെ നിയമിക്കും. ട്വന്റി-20 ലോകകപ്പിനുശേഷം ചുമതലയേൽക്കും. ബാറ്റിങ് കോച്ചായി വിക്രം റാത്തോറും ഫീൽഡിങ് കോച്ചായി ആർ. ശ്രീധറും തുടരും. 2023 ഏകദിന ലോകകപ്പ് വരെയായിരിക്കും പുതിയ കോച്ചിന്റെ കരാർ. നിലവിലെ കോച്ച് രവിശാസ്ത്രി ട്വന്റി 20 ലോകകപ്പിനുശേഷം ഒഴിയുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

വിശ്വസ്‌തൻ, ഇനി വഴികാട്ടി

: രാഹുൽ ദ്രാവിഡ് ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോൾ അത് ഒരു തലമുറമാറ്റത്തിന്റെ തുടക്കംകൂടിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ കോച്ചാകാൻ താത്‌പര്യമില്ലെന്നായിരുന്നു അടുത്തകാലംവരെ ദ്രാവിഡിന്റെ നിലപാട്. വെള്ളിയാഴ്ച ഐ.പി.എൽ. ഫൈനലിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ്ഷായും നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ദേശീയടീമിന്റെ പരിശീലകനാകാൻ ദ്രാവിഡ് സമ്മതം മൂളിയത്. കളിച്ച കാലം മുഴുവൻ ഇന്ത്യൻ ക്രിക്കറ്റിലെ വിശ്വസ്തനായ വൻമതിലായും മാന്യതയുടെ പര്യായമായും അറിയപ്പെട്ട ദ്രാവിഡ് എല്ലാവരുടെയും ആദരം പിടിച്ചുപറ്റി. അന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ച സൗരവ് ഗാംഗുലി ഇന്ന് ബി.സി.സി.ഐ. അധ്യക്ഷനാണ്. ഗാംഗുലിയുടെ സ്നേഹപൂർണമായ നിർബന്ധം ദ്രാവിഡിന് പൂർണമായും തിരസ്കരിക്കാനാകില്ല.

2012-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം ഇന്ത്യ അണ്ടർ-19 ടീമിന്റെ കോച്ചായിരുന്നു ദ്രാവിഡ്. 2016 അണ്ടർ-19 ലോകകപ്പിൽ ഫൈനലിൽ എത്തുകയും 2018-ൽ കിരീടം നേടുകയും ചെയ്തു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ.) ഡയറക്ടറായി പ്രവർത്തിക്കുകയാണിപ്പോൾ.

ഇന്ത്യൻതാരങ്ങളായ ഋഷഭ് പന്ത്, പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ, ഹനുമ വിഹാരി തുടങ്ങിയവർ ജൂനിയർ ടീമിൽ ദ്രാവിഡിന്റെ കളരിയിലൂടെ വളർന്നുവന്നവരാണ്. യശസ്വി ജയ്‌സ്വാൾ, ആവേശ് ഖാൻ, രവി ബിഷ്‌ണോയ് തുങ്ങിയ മറ്റൊരുസംഘം സീനിയർ ടീമിലെത്താൻ അവസരം കാത്തുകിടക്കുന്നു.

ആ തലമുറ വളർന്നുവരുമ്പോൾ ദ്രാവിഡ് പരിശീലകനായി ഉണ്ടാകുന്നത് ഏറെ ഗുണംചെയ്യുമെന്ന് ടീം മാനേജ്‌മെന്റ് കരുതുന്നു.

അടുത്ത ട്വന്റി-20 ക്യാപ്റ്റൻ ആകുമെന്ന് കരുതുന്ന രോഹിത് ശർമയ്ക്ക് 34 വയസ്സും നിലവിലെ ക്യാപ്റ്റൻ വിരാട് കോലിക്ക് 32 വയസ്സുമായി. മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ് തുടങ്ങിയവർക്കും 30 വയസ്സ് കഴിഞ്ഞു. 2023 ലോകകപ്പിനുശേഷം ടീമിൽ വലിയമാറ്റങ്ങൾ വേണ്ടിവരും. അഞ്ചുവർഷത്തോളം ജൂനിയർടീമിനെ പരിശീലിപ്പിച്ച ദ്രാവിഡിന് ഇന്ത്യയുടെ ടാലന്റ് പൂളിനെപ്പറ്റി വ്യക്തമായി അറിയാം.

സൗരവ് ഗാംഗുലി, സച്ചിൻ തെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശകസമിതിയാണ് നേരത്തെ അനിൽ കുംബ്ലെയെ കോച്ചായി തിരഞ്ഞെടുത്തത്. ആ പരീക്ഷണം പക്ഷേ പാളിപ്പോവുകയായിരുന്നു. വിരാട് കോലിയെപ്പോലൊരു ലോകോത്തര താരത്തിന്റെ സ്വാധീനമാണ് കുംബ്ലെയുടെ രാജിയിൽ കലാശിച്ചതെന്ന് വാർത്തയുണ്ടായിരുന്നു. ഇക്കുറി വീണ്ടും കുംബ്ലെയെ പരീക്ഷിക്കുമെന്ന വാർത്തയുണ്ടായിരുന്നു. അതിനിടെ അപ്രതീക്ഷിതമായാണ് ഗാംഗുലി ദ്രാവിഡിനെ കളത്തിൽ ഇറക്കിയത്. ചില ഉറപ്പുകളുടെകൂടി പിൻബലത്തിലാകണം പരിശീലകസ്ഥാനം ഏറ്റെടുക്കാൻ ദ്രാവിഡ് സമ്മതം മൂളിയത്. താരങ്ങളുടെ ഇടപെടൽ കുറയുന്നതിനൊപ്പം കോച്ചിങ് സ്റ്റാഫിലും മാറ്റമുണ്ടാകും. ലോകകപ്പിനുശേഷം ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറുമെന്ന വിരാട് കോലിയുടെ പ്രഖ്യാപനവും ഇതുമായി കൂട്ടിവായിക്കാം.