ലണ്ടൻ: ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബയെ നിലനിർത്താൻ മാഞ്ചെസ്റ്റർ യുണൈറ്റഡും സ്വന്തമാക്കാൻ സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡും ശ്രമം തുടങ്ങി. ഈ സീസൺ അവസാനത്തോടെ താരം യുണൈറ്റഡും തമ്മിലുള്ള കരാർ അവസാനിക്കും.

പോഗ്ബയുടെ ഏജന്റ് മിനോ റയോള താരത്തെ റയൽ മഡ്രിഡിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. 250 കോടി ട്രാൻസ്ഫർ ബോണസും വർഷത്തിൽ 123 കോടി പ്രതിഫലവുമാണ് റയൽ വാഗ്ദാനം ചെയ്യുന്നത്. പോഗ്ബയെ ടീമിലെത്തിച്ച് അതുവഴി ഫ്രഞ്ച് സഹതാരം കൈലിയൻ എംബാപ്പയേയും മഡ്രിഡിൽ എത്തിക്കാമെന്ന് ക്ലബ്ബ് കണക്കുകൂട്ടുന്നു.

എന്നാൽ പോഗ്ബയെ നിലനിർത്താൻ ആഞ്ഞുശ്രമിക്കുകയാണ് യുണൈറ്റഡ്. ആഴ്ചയിൽ 4.12 കോടിരൂപ പ്രതിഫലമായി നൽകാമെന്നാണ് യുണൈറ്റഡിന്റെ വാഗ്ദാനം. ഈ കരാർ നടപ്പായാൽ ക്ലബ്ബ് കൂടുതൽ ശമ്പളം ലഭിക്കുന്ന രണ്ടാമത്തെ താരമാകും പോഗ്ബ. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ് നിലവിൽ കൂടുതൽ ആഴ്ച പ്രതിഫലം ലഭിക്കുന്നത്.

റയലിന് പുറമെ യുവന്റസിനും പോഗ്ബയിൽ താത്‌പര്യമുണ്ട്. 2016-17 സീസണിൽ യുണൈറ്റഡിലെത്തിയ പോഗ്ബ ഇതുവരെ 208 മത്സരം കളിച്ചു. 38 ഗോളും നേടി. യുണൈറ്റഡ് ക്ലബ്ബ് ചരിത്രത്തിലെ വലിയതുക നൽകിയാണ് യുവന്റസിൽനിന്ന് ടീമിലെത്തിക്കുന്നത്.