ദുബായ്: ഐ.പി.എൽ. പതിന്നാലാം സീസൺ അവസാനിക്കുമ്പോൾ തലയുയർത്തി ധോനി. വീണ്ടുമൊരിക്കൽകൂടി ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം കിരീടം നേടിയത് മാത്രമല്ല പ്രായത്തിന്റെയും ഫോമിന്റെയും പേരിൽ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണ് ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ച് നൽകിയത്.

ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം നാലാം കിരീടമാണ് ധോനി നേടിയത്. ഐ.പി.എൽ. ചരിത്രത്തിൽ കിരീടം നേടുന്ന പ്രായം കൂടിയ ക്യാപ്റ്റനെന്ന റെക്കോഡും ഇതോടെ സ്വന്തം. 40-ാം വയസ്സിൽ ധോനി കപ്പുയർത്തിയപ്പോൾ മാഞ്ഞുപോയത് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ 39-ാം വയസ്സിൽ രാജസ്ഥാൻ റോൽസിനൊപ്പം കിരീടം നേടിയതിന്റെ റെക്കോഡ്.

പത്ത് ഫൈനൽ കളിക്കുന്ന താരമെന്ന റെക്കോഡും ധോനിക്ക് സ്വന്തമാണ്. ഒമ്പത് തവണ ചെന്നൈയ്ക്കൊപ്പവും ഒരുതവണ റൈസിങ് പുണെ ജയന്റ്‌സിനൊപ്പവും. പത്തിൽ നാല് കിരീടങ്ങൾ. നാലും നായകനായി. ക്യാപ്റ്റനെന്ന നിലയിൽ 300-ാം മത്സരം കളിച്ച കിരീടനേട്ടത്തോടെ ആഘോഷിക്കാനും താരത്തിനായി. ഐ.പി.എല്ലിലും ചാമ്പ്യൻസ് ലീഗിലുമായി 214 മത്സരങ്ങളിലാണ് ചെന്നൈയെ ധോനി നയിച്ചത്.

എട്ട് ടി-20 കിരീടങ്ങളാണ് ധോനി ക്യാപ്റ്റനെന്ന നിലയിൽ നേടിയത്. നാല് ഐ.പി.എൽ. കിരീടങ്ങൾക്കൊപ്പം രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്കും ചെന്നൈയെ നയിച്ചു. ഇന്ത്യയെ പ്രഥമ ട്വന്റി-20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ധോനി 2016-ൽ ഏഷ്യാകപ്പും നേടി.