എഡിൻബറോ: സ്കോട്ടിഷ് പ്രീമിയർഷിപ്പ് ഫുട്‌ബോളിൽ ഒറ്റ മത്സരംപോലും തോൽക്കാതെ റേഞ്ചേഴ്‌സിനെ ചാമ്പ്യൻമാരാക്കി സ്റ്റീവൻ ജെറാർഡ് ചരിത്രം രചിച്ചു. ക്ലബ്ബിന്റെ ചുമതലയേറ്റെടുത്ത് മൂന്നാം സീസണിലാണ് ലിവർപൂളിന്റെയും ഇംഗ്ലണ്ടിന്റെയും ഇതിഹാസതാരം പരിശീലകനെന്ന നിലയിൽ ആദ്യകിരീടം നേടിയത്.

കഴിഞ്ഞ മാർച്ചിൽതന്നെ റേഞ്ചേഴ്‌സിന്‌ കിരീടം ഉറപ്പായിരുന്നു. എന്നാൽ തോൽവിയറിയാതെ കപ്പുയർത്തുമോയെന്നറിയാൻ ഫുട്‌ബോൾ ലോകം ആകാംക്ഷയോടെ കാത്തിരുന്നു. അവസാന മത്സരത്തിൽ അബെർഡീനെ തോൽപ്പിച്ച് ചരിത്രനേട്ടം സ്വന്തമാക്കുകയും ചെയ്തു. 38 കളിയിൽ 32 ജയവും ആറ് സമനിലയുമാണ് ടീമിനുള്ളത്. ചരിത്രത്തിലാദ്യമായി 102 പോയന്റ് എന്ന നേട്ടത്തിലെത്തുകയും ചെയ്തു. രണ്ടാം സ്ഥാനത്തുള്ള കെൽറ്റിക്കിന് 77 പോയന്റാണുള്ളത്. സ്കോട്ടിഷ് ഒന്നാം ഡിവിഷൻ ലീഗ് പ്രീമിയർഷിപ്പ് എന്ന പുതിയ രൂപത്തിൽ വന്നതിനുശേഷം റേഞ്ചേഴ്‌സിന്റെ ആദ്യ കിരീടമാണ്. 2013-14 സീസൺ മുതലുള്ള ഏഴുതവണ കെൽറ്റിക്ക് കിരീടം നേടി. അതേസമയം സ്കോട്ടിഷ് ലീഗിൽ റേഞ്ചേഴ്‌സിന്റെ 55-ാം കിരീടമാണിത്. കെൽറ്റിക് 51 തവണ ചാമ്പ്യൻമാരായി.

2018-ലാണ് ജെറാർഡ് റേഞ്ചേഴ്‌സിന്റെ ചുമതലയേറ്റെടുത്തത്. ആദ്യ രണ്ട് സീസണുകളിൽ ടീം രണ്ടാം സ്ഥാനത്തായി. കിരീടജയത്തിൽ ചില റെക്കോഡുകളും റേഞ്ചേഴ്‌സിന് സ്വന്തമായിട്ടുണ്ട്. ആദ്യമായിട്ടാണ് ടീം ലീഗിൽ 100 പോയന്റ് നേടുന്നത്. 25 മത്സരങ്ങളിൽ ഗോൾ വഴങ്ങിയില്ല. ലീഗിൽ ഏറ്റവും കുറച്ച് ഗോൾ വഴങ്ങിയ ടീം എന്ന നേട്ടവും സ്വന്തമാക്കി.