മിലാൻ: മൂന്ന് പെനാൽട്ടി, രണ്ട് ചുവപ്പുകാർഡ്, സെൽഫ്‌ഗോൾ... സംഭവബഹുലമായ മത്സരത്തിൽ കിരീടം ഉറപ്പിച്ച ഇന്റർമിലാനെ വീഴ്ത്തി യുവന്റസ് (2-3). ഇറ്റാലിയൻ സീരി എ ഫുട്‌ബോളിലെ നിർണായക വിജയത്തോടെ ചാമ്പ്യൻസ് ലീഗ് സാധ്യത നിലനിർത്താനും യുവന്റസിനായി.

ക്രിസ്റ്റ്യാനോ റൊണാൾഡോ (24), യുവാൻ ഗ്വാർഡാഡോ (45+3, പെനാൽട്ടി 88) എന്നിവർ യുവന്റസിനായും റൊമേലു ലുക്കാക്കു (പെനാൽട്ടി -35) ഇന്ററിനായും ഗോൾ നേടി. ജോർജീന്യോ ചില്ലിനിയുടെ (83) സെൽഫ് ഗോളും ഇന്ററിന് ലഭിച്ചു.

55-ാം മിനിറ്റിൽ റോഡ്രിഗോ ബെന്റാൻക്യൂർ ചുവപ്പുകാർഡ് കണ്ട് കളംവിട്ടതോടെ പത്തുപേരായി യുവന്റസ് ചുരുങ്ങിയിരുന്നു. എന്നാൽ ടീമിന്റെ പോരാട്ടവീര്യത്തെ അതൊന്നും ബാധിച്ചില്ല. ഇഞ്ചുറി ടൈമിൽ ഇന്ററിന്റെ മാഴ്‌സലോ ബ്രോസോവിച്ചും ചുവപ്പുകാർഡ് കണ്ടു.

ആദ്യപകുതിയിൽത്തന്നെ രണ്ട് പെനാൽട്ടികൾ വന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ കിക്ക് ഇന്റർ ഗോളി തടുത്തിട്ടെങ്കിലും പോർച്ചുഗൽ താരം പന്തിനെ വലയിലെത്തിച്ചു. ഇന്ററിന് ലഭിച്ച പെനാൽട്ടി കിക്ക് ലുക്കാലു ലക്ഷ്യത്തിലെത്തിച്ചു. കളിയുടെ അവസാനഘട്ടത്തിൽ ലഭിച്ച പെനാൽട്ടി കിക്ക് ഗോളാക്കി മാറ്റി ഗ്വാർഡാഡോ യുവന്റസിന് ആശ്വസം പകരുന്ന ജയം സമ്മാനിച്ചു.

37 കളിയിൽ 75 പോയന്റുമായി യുവന്റസ് ലീഗിൽ നാലാം സ്ഥാനത്തേക്ക് കയറി. 36 കളിയിൽ 74 പോയന്റുള്ള എ.സി. മിലാൻ മൂന്നാമതും 73 പോയന്റുള്ള നാപ്പോളി അഞ്ചാമതുമുണ്ട്.