സതാംപ്ടൺ: വിരാട് കോലിക്കു കീഴിൽ അമൂല്യമായ അന്താരാഷ്ട്ര ക്രിക്കറ്റ് കിരീടം തേടി ഇന്ത്യ. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ദൗർഭാഗ്യംകൊണ്ടുമാത്രം കിരീടം നഷ്ടപ്പെട്ട വേദന മറക്കാൻ ന്യൂസീലൻഡ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡും തുല്യ ദുഃഖിതരും തുല്യ ശക്തികളുമാണ്. മത്സരം വൈകീട്ട് അഞ്ചുമുതൽ ഇംഗ്ലണ്ടിലെ ഏജീസ് ബൗൾ സ്റ്റേഡിയത്തിൽ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) സംഘടിപ്പിക്കുന്ന ആദ്യ ടെസ്റ്റ് ടൂർണമെന്റാണിത്. ഇവിടെ ജയിക്കുന്നവർ ക്രിക്കറ്റിൽ എല്ലാ കാലത്തും ഓർമിക്കപ്പെടും.

ആഷസിൽ തുടങ്ങി

രണ്ടുവർഷത്തോളം നീണ്ട മത്സരങ്ങൾക്കൊടുവിലാണ് പ്രാഥമിക ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യയും രണ്ടാമന്മാരായി ന്യൂസീലൻഡും ഫൈനലിലെത്തിയത്. ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പദവിയുള്ള രാജ്യങ്ങളെല്ലാം ആറുവീതം ടെസ്റ്റ് പരമ്പര കളിച്ച്, കൂടുതൽ പോയന്റ് നേടുന്ന ടീമുകൾ ഫൈനലിലെത്തും എന്നാണ് തുടക്കത്തിൽ പറഞ്ഞത്. 2019- ഓഗസ്റ്റിൽ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് ടെസ്റ്റോടെ ടൂർണമെന്റ് തുടങ്ങി. കോവിഡ് വന്നതോടെ ചില പരമ്പരകൾ ഉപേക്ഷിച്ചു. ഇതോടെ, പോയന്റ് ശതമാനമായി ഫൈനലിനുള്ള മാനദണ്ഡം.

ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലും ഇംഗ്ലണ്ടിനെതിരേ സ്വന്തം നാട്ടിലും നേടിയ പരമ്പര വിജയങ്ങൾ ഇന്ത്യക്ക്‌ കരുത്തേകി. പ്രാഥമിക ഘട്ടത്തിൽ ഇന്ത്യ ഒരേയൊരു പരമ്പര തോറ്റത് (2-0) ന്യൂസീലൻഡിനോടാണ്.

ടീമുകൾ

: ന്യൂസീലൻഡ്

ടെസ്റ്റ് റാങ്കിങ്: 1

ക്യാപ്റ്റൻ: കെയ്ൻ വില്യംസൺ

കോച്ച്: ഗാരി സ്റ്റഡ്

(കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിനെതിരായ പരമ്പര ജയത്തോടെയാണ് ഇന്ത്യയെ മറികടന്ന് ന്യൂസീലൻഡ് ഒന്നാം റാങ്കിലെത്തിയത്. മാർച്ചിനുശേഷം ഇന്ത്യ ടെസ്റ്റ് കളിച്ചിട്ടില്ല)

ഇന്ത്യ:

ലോക റാങ്കിങ്: 2

ക്യാപ്റ്റൻ: വിരാട് കോലി

കോച്ച്: രവി ശാസ്ത്രി

പ്രാഥമിക ഘട്ടത്തിൽ

ഇന്ത്യ:

പരമ്പര: 6 (അഞ്ചു വിജയം, ഒരു തോൽവി)

ടെസ്റ്റുകൾ: 17 (12 വിജയം, നാലു തോൽവി)

ന്യൂസീലൻഡ്

പരമ്പര: 5 (മൂന്ന് വിജയം, ഒരു തോൽവി)

ടെസ്റ്റുകൾ: 11 (ഏഴു വിജയം, നാലു തോൽവി)

പ്രധാന കളിക്കാർ

ബാറ്റിങ്:

ന്യൂസീലൻഡ്

കെയ്ൻ വില്യംസൺ റാങ്ക്: 2

ഹെൻറി നിക്കോൾസ്: 8

ഇന്ത്യ:

വിരാട് കോലി: 4

ഋഷഭ് പന്ത്: 6

രോഹിത് ശർമ: 6

ബൗളിങ്:

ഇന്ത്യ

ആർ. അശ്വിൻ: 2

ന്യൂസീലൻഡ്

ടിം സൗത്തി: 3

നീൽ വാഗ്നർ: 5

കാണികൾ: ഫൈനലിന് 4000 കാണികൾക്ക് പ്രവേശനമുണ്ട്.

സമ്മാനം: ജേതാക്കൾക്ക് 12 കോടിയോളം രൂപ സമ്മാനം ലഭിക്കും. റണ്ണറപ്പിന് ആറു കോടിയും.

ജൂൺ 23- റിസർവ് ഡേ ആണ്. ആദ്യ അഞ്ചുദിവസത്തിനിടെ കളി മുടങ്ങിയാൽ ഈ ദിവസം ഉപയോഗിക്കാം.

സമനിലയായാൽ

: ടെസ്റ്റ് സമനിലയായാൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.