റിയോ ഡി ജനൈറോ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലും കൊളംബിയയും രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്കായി കളത്തിലിറങ്ങും. വെള്ളിയാഴ്ച പുലർച്ചെ 2.30-ന് കൊളംബിയ വെനസ്വേലയെയും 5.30-ന് ബ്രസീൽ പെറുവിനെയും നേരിടും.

ആദ്യകളിയിൽ വെനസ്വേലയെ 3-0 ത്തിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീൽ. ഗോൾ നേടുകയും ഗോളടിപ്പിക്കുകയും ചെയ്ത സൂപ്പർതാരം നെയ്മറുടെ മികച്ച ഫോം ടീമിന് പ്രതീക്ഷ നൽകുന്നു. അതേസമയം, ക്ലിനിക്കൽ ഫിനിഷറുടെ അഭാവവും മധ്യനിരയുടെ ആഴമില്ലായ്മയും ടീമിനെ അലട്ടുന്നുണ്ട്. പെറു ടൂർണമെന്റിലെ ആദ്യകളിക്കാണ് ഇറങ്ങുന്നത്.

ഇക്വഡോറിനെ ഏകഗോളിന് കീഴടക്കിയതിന്റെ ആവേശത്തിലാണ് കൊളംബിയ. എന്നാൽ, പ്രതിരോധാത്മക ഫുട്‌ബോൾ കളിക്കുന്ന വെനസ്വേലക്കെതിരേ ജയം നേടാൻ ടീമിന് നന്നായി അധ്വാനിക്കേണ്ടിവരും.

കോപ്പയിൽ കോവിഡ് കേസുകളുയരുന്നു

റിയോ ഡി ജനൈറോ: കോപ്പ അമേരിക്ക ടൂർണമെന്റിലെ കോവിഡ് കേസുകൾ വർധിക്കുന്നതായി ബ്രസീൽ ആരോഗ്യമന്ത്രാലയം. രോഗബാധിരുടെ എണ്ണം 52 ആയാണ് ഉയർന്നത്. ഇതിൽ 33 പേർ കളിക്കാരോ ടീമിനൊപ്പമുള്ളവരോ ആണ്. നേരത്തേ വെനസ്വേല ടീമിലെ 12 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പെറു, കൊളംബിയ, ബൊളീവിയ ടീമുകളിലെ ജീവനക്കാർക്ക് രോഗബാധയുണ്ട്. ബൊളീവിയ ടീമിലെ മൂന്ന് കളിക്കാർക്കും രോഗംബാധിച്ചു. കോവിഡ് പൊസിറ്റീവായ സ്‌ട്രൈക്കർ മാഴ്‌സലോ മാർട്ടിനസ് സംഘാടകരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തുവരുകയും ചെയ്തു.