ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ യൂറോ കപ്പിൽ കളിച്ചത് ഒരു മത്സരം മാത്രം. പക്ഷേ, അതിനിടയിൽ പിന്നിട്ടത് രണ്ട് നാഴികക്കല്ലുകൾ. ഹംഗറിക്കെതിരായ മത്സരത്തോടെ അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ കളിക്കുന്ന ആദ്യതാരമായി. 87-ാം മിനിറ്റിൽ ഗോൾ നേടിയതോടെ എല്ലാ യൂറോകപ്പിലുമായി ഏറ്റവുംകൂടുതൽ ഗോളടിക്കുന്ന താരമായി. വെള്ളത്തിനുമീതേ നടക്കാൻ കഴിയുന്നവനാണ് ക്രിസ്റ്റ്യാനോയെന്ന് ഇംഗ്ലണ്ടിന്റെ മുൻ സ്‌ട്രൈക്കർ ക്രിസ് സട്ടൻ പുകഴ്ത്തി.

ബുഡാപെസ്റ്റിലെ പുഷ്കാസ് അറീനയിൽ അറുപതിനായിരത്തോളം കാണികൾക്ക് മുന്നിലായിരുന്നു പോർച്ചുഗൽ താരത്തിന്റെ ജാലവിദ്യ. ക്രിസ്റ്റ്യാനോയ്ക്ക് ഇപ്പോൾ 106 അന്താരാഷ്ട്ര ഗോളുകളായി. അലി ദേയിയുടെ 109 ഗോളെന്ന ലോകറെക്കോഡ് ഈ യൂറോ കപ്പിൽത്തന്നെ അദ്ദേഹം പിന്നിട്ടേക്കാം.