യൂറോകപ്പിലെ മരണഗ്രൂപ്പിൽ ആദ്യറൗണ്ട് കഴിഞ്ഞപ്പോൾ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനും ലോക ചാമ്പ്യന്മാരായ ഫ്രാൻസിനും വിജയിച്ചതിലുള്ള ആത്മവിശ്വാസം. ജർമനിക്ക് തോൽവിയിലെ നിരാശ. പോരാട്ടവീര്യത്തിൽ തലയുയർത്തി ഹംഗറി.

ഫുട്‌ബോൾ ലോകം ആകാംക്ഷയോടെ കാത്തിരുന്ന കളിയായിരുന്നു ഗ്രൂപ്പ് എഫിലെ ഫ്രാൻസ്-ജർമനി പോരാട്ടം. മാറ്റ് ഹമ്മൽസിന്റെ സെൽഫ് ഗോളിൽ അങ്കം ഫ്രാൻസ് ജയിച്ചു. പരിശീലകൻ ജോക്കീം ലോവ് ജർമനിയെ 3-4-1-2 ശൈലിയിലാണ് കളത്തിലിറക്കിയത്. ഫ്രാൻസിനെതിരേ മധ്യനിരയിലെ ആധിപത്യം ലക്ഷ്യമിട്ടാണ് ലോവ് ഇത്തരമൊരു ഫോർമേഷനിലേക്ക് നീങ്ങിയത്. ആക്രമണത്തിന് മൂന്ന് പേരെയും കളി മെനഞ്ഞെടുക്കാൻ ആറു പേരെയും ഒരേസമയം ലഭിക്കുന്ന തന്ത്രം. മധ്യനിരയിലെ ആധിപത്യത്തിനൊപ്പം അതിവേഗക്കാരായ കൈലിയൻ എംബാപ്പെയിലേക്കും കരീം ബെൻസമയിലേക്കും പന്ത് വിതരണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യംകൂടി ഇതിനുണ്ടായിരുന്നു.

മറുവശത്ത് 4-3-3 ശൈലിയിൽ ഫ്രാൻസിനെ ദിദിയർ ദംഷാംപ്‌സ് രംഗത്തിറക്കി. ജർമനിയുടെ അതിശക്തമായ മധ്യ-മുന്നേറ്റ നിരകളെ തളയ്ക്കാൻ ദെഷാംപ്‌സ് അന്റോണിയെ ഗ്രീസ്മാനെ താഴോട്ടിറക്കിയാണ് കളിപ്പിച്ചത്. പോഗ്‌ബെയ്ക്കൊപ്പം ചേർന്നാണ് ഗ്രീസ്മാൻ ഭൂരിഭാഗം സമയവും കളിച്ചത്. ജർമനിയെ പന്തു കൈവശം വെക്കാൻ അനുവദിക്കുകയും അതസമയം, കളി നിർമിച്ചെടുക്കാൻ അനുവദിക്കാതിരിക്കുകയുമെന്ന തന്ത്രമാണ് ഫ്രാൻസ് നടപ്പാക്കിയത്. എൻഗോളെ കാന്റെ-പോൾ പോഗ്ബ എന്നിവരായിരുന്നു ദെഷാംപ്‌സിന്റെ തുറുപ്പുചീട്ടുകൾ. മൈതാനം അളന്നു കളിക്കാൻ കഴിയുന്ന ഇവർ ജർമനിയുടെ ആറംഗ സംഘത്തെ കൃത്യമായി തളച്ചിട്ടു. ആഡ്രിയൻ റാബിയോട്ടും ഗ്രീസുമാനും ഇവർക്ക് ശക്തമായ പിന്തുണയും നൽകി. കാന്റെ നിശ്ശബ്ദ പോരാളിയായപ്പോൾ പോഗ്ബ ശരിക്കും മൈതാനം ഭരിച്ചു.

പന്തുള്ളതിനെക്കാൾ പന്തില്ലാത്ത ഗെയിംപ്ലാൻ ഭംഗിയായി നടപ്പാക്കാമെന്ന് ഫ്രഞ്ചുതാരങ്ങൾ ഫുട്‌ബോൾ ലോകത്തിന് കാണിച്ചുകൊടുത്തു. കേവലം 38 ശതമാനമായിരുന്നു ടീമിന്റെ ബോൾ പൊസഷൻ. ഫ്രാൻസിന്റെ നാലംഗ പ്രതിരോധനിര പൊസിഷൻ കൃത്യമായി കാത്താണ് കളിച്ചത്. പരന്നുകളിച്ച കാന്റെ ജർമൻ മുന്നേറ്റത്തിലെ മുള്ളർ-നാബ്രി-ഹാവെർട്‌സ് ത്രയത്തിന് സ്‌പേസ് അനുവദിച്ചില്ല. പോഗ്ബയാകട്ടെ ജർമൻ മധ്യനിരയ്ക്കു മുന്നിൽ ലക്ഷ്മണരേഖയുമായി കറങ്ങിക്കൊണ്ടിരുന്നു. ഗോളുകൾ അധികം വന്നില്ലെങ്കിലും മധ്യനിര കേന്ദ്രീകരിച്ചുള്ള തന്ത്രങ്ങളും മറുതന്ത്രങ്ങളുമാണ് കളിയെ മനോഹരമാക്കിയത്.

കോട്ടപൊളിച്ച് ക്രിസ്റ്റ്യാനോ

5-3-2 ഫോർമേഷനിൽ കളിച്ച് 83 മിനിറ്റുവരെ മനോഹരമായി പ്രതിരോധക്കോട്ടകെട്ടിയ ഹംഗറിയെ രണ്ട് പകരക്കാരിലൂടെയാണ് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പൊളിച്ചുകളഞ്ഞത്. ബെർണാണ്ടോ സിൽവയ്ക്കു പകരം റാഫ സിൽവയും വില്യം കാർവാലോയ്ക്കു പകരം റെനാറ്റോ സാഞ്ചസും കളത്തിലിറങ്ങിയതാണ് കളി മാറ്റിയത്.

4-2-3-1 ശൈലിയിലാണ് പോർച്ചുഗൽ കളിതുടങ്ങിയത്. എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രതിരോധപ്പൂട്ടിൽ കുടുങ്ങിയതോടെ 4-2-4 ആകൃതിയിൽ ടീം കളിച്ചു. എന്നാൽ, വേഗംകുറച്ച് ആക്രമണങ്ങൾ സംഘടിപ്പിക്കുന്ന ശൈലികൊണ്ട് ഹംഗേറിയൻ പ്രതിരോധത്തെ പൊളിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് വേഗക്കാരായ റെനാറ്റോ സാഞ്ചസിനെ മധ്യനിരയിലേക്ക് കൊണ്ടുവന്നത്. ഇതിനു പുറമേ ഫൈനൽ തേർഡിൽ സമ്മർദംചെലുത്താൻ കഴിയുന്ന റാഫ സിൽവയ്ക്കൊപ്പം ആന്ദ്രെ സിൽവയെകൂടി കളത്തിലിറക്കി സാന്റോസ് അവസാനവട്ട പൊരിച്ചിലിന് തയ്യാറെടുത്തു. പോർച്ചുഗലിന്റെ അത്യാക്രമണ ശൈലിയിലാണ് ഹംഗറി പ്രതിരോധം ഒന്ന് പാളിയതും ആദ്യഗോൾ വീണതും. ഒരുഗോൾ വീണതോടെ അതുവരെ കെട്ടുറപ്പോടെ നിന്ന പ്രതിരോധമതിലിൽ വിള്ളൽ വീണു. ക്രിസ്റ്റ്യാനോയെപ്പോലെയൊരു താരം കളിക്കുന്ന മുന്നേറ്റനിരയ്ക്ക് അതു മതിയായിരുന്നു.