ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോളിലെ ഇതിഹാസതാരം വെയ്ൻ റൂണി ഇനി പരിശീലകവേഷത്തിൽ. സജീവ ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച റൂണി ഡർബി കൗണ്ടി ടീമിന്റെ പരിശീലകച്ചുമതലയേറ്റു. രണ്ടരവർഷത്തേക്കാണ് കരാർ.
ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചെസ്റ്റർ യുണൈറ്റഡ്, എവർട്ടൺ, അമേരിക്കൻ ക്ലബ്ബ് ഡി.സി. യുണൈറ്റഡ് എന്നിവയ്ക്കുവേണ്ടി കളിച്ച റൂണി ഡർബി കൗണ്ടിയിൽനിന്നാണ് വിരമിക്കുന്നത്. 2020-ലാണ് ഡർബിയുടെ പ്ലയർ കം കോച്ചായി എത്തിയത്.
എവർട്ടണിലൂടെ ഫുട്‌ബോൾ കരിയർ ആരംഭിച്ചു. 2004-ൽ മാഞ്ചെസ്റ്റർ യുണൈറ്റഡിലെത്തി. 13 വർഷം അവിടെ തുടർന്നു. ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് അടക്കം ഒട്ടേറെ കിരീടവിജയങ്ങളിൽ പങ്കാളിയായി. മാഞ്ചെസ്റ്റർ യുണൈറ്റഡിനുവേണ്ടി കൂടുതൽ ഗോൾ (253) നേടിയ താരവും റൂണിയാണ്. എവർട്ടണിനായി 45 ഗോളും ഡി.സി. യുണൈറ്റഡിനായി 25 ഗോളും ഡർബിക്കായി ഏഴു ഗോളും നേടി. 2018-ൽ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചിരുന്നു. ഇംഗ്ളണ്ടിനുവേണ്ടി കൂടുതൽ ഗോൾ എന്ന റെക്കോഡും റൂണിയുടെ പേരിലാണ് (120 കളിയിൽ 53 ഗോൾ).