വാസ്‌കോ: പ്രതിരോധപ്പിഴവിൽ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഹൈദരാബാദ് എഫ്.സി. 4-0ത്തിന് ബ്ലാസ്റ്റേഴ്സിനെ കീഴടക്കി. ഫ്രാൻസിസ്‌കോ സൻഡാസ ഇരട്ടഗോൾ (58, പെനാൽട്ടി-63) നേടി. അരിഡാന സന്റാന (86), ജാവോ വിക്ടർ (90+1) എന്നിവരും സ്‌കോർ ചെയ്തു.

ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധപ്പിഴവുകളിൽനിന്നാണ് ഹൈദരാബാദിന്റെ ഗോളുകൾ വന്നത്. മുൻ കളികളിൽനിന്ന് വ്യത്യസ്തമായി ബ്ലാസ്റ്റേഴ്‌സ് തീർത്തും മങ്ങിപ്പോയി. സഹൽ അബ്ദുസമദ് കളിക്കാതിരുന്നതും കെ.പി. രാഹുലിനെ ആദ്യ ഇലവനിൽനിന്ന് ഒഴിവാക്കിയതും ടീമിന്റെ ആക്രമണങ്ങളെ ബാധിച്ചു. രണ്ടാം പകുതിയിൽ യുവതാരങ്ങളായ ഗിവ്‌സൺ സിങ്, ആയുഷ് അധികാരി എന്നിവർക്ക് അവസരം നൽകി. 18 കളിയിൽ 27 പോയന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്താണ്. 16 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തും.

ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ചില ഗോൾശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. നല്ലൊരു അവസരം പ്രശാന്ത് പാഴാക്കി. സഹൽ അബ്ദുസമദും കെ.പി. രാഹുലും ഇല്ലാത്ത മധ്യനിര പിറകോട്ടുപോവുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ഹൈദരാബാദ് ലക്ഷ്യംകണ്ടു. ബോക്സിലേക്കുവന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ആദ്യം ബക്കാരി കോനെക്കും തുടർന്ന് കോസ്റ്റ നമോയിൻസുവിനും പിഴച്ചപ്പോൾ ഫ്രാൻസിസ്‌കോ സൻഡാസ അനായാസം ലക്ഷ്യംകണ്ടു.

അഞ്ചു മിനിറ്റിനകം രണ്ടാം ഗോളും വന്നു. ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് സെൻട്രൽ ഡിഫൻഡർ കോനെ വില്ലനായി. കോനെയുടെ ദുർബല ബാക്ക് പാസ് പിടിച്ചെടുക്കാൻ ഗോൾ കീപ്പർ അൽബിനോ ഗോമസിന് കഴിഞ്ഞില്ല. ഇതോടെ പന്തുമായി കയറിയ ജോയൽ ചിയാൻസെയെ ഗോമസ് ബോക്സിൽ വീഴ്ത്തി. പെനാൽട്ടി കിക്കെടുത്ത സൻഡാസയ്ക്ക് പിഴച്ചില്ല. അവസാന മിനിറ്റുകളിൽ പ്രതിരോധപ്പിഴവുകൾ മുതലെടുത്ത് സന്റാനയും ജാവോ വിക്ടറും സ്കോർ ചെയ്തു.