മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സെമി ഫൈനലിൽ സൂപ്പർ പോരാട്ടം. മുൻ ചാമ്പ്യൻ സെറീന വില്യംസ് മൂന്നാം സീഡ് ജപ്പാന്റെ നവോമി ഒസാക്കയെ നേരിടും.

പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ചും റഷ്യയുടെ അസ്ലൻ കറസ്‌തേവും സെമിയിൽ ഏറ്റുമുട്ടും.

24-ാം ഗ്രാൻസ്ലാമെന്ന റെക്കോഡ് നേട്ടം മോഹിക്കുന്ന അമേരിക്കൻ താരം സെറീന വില്യംസ് രണ്ടാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്പിനെ ക്വാർട്ടർ ഫൈനലിൽ കീഴടക്കി (6-3, 6-3). 2017-നുശേഷം ഇവിടെ കിരീടം നേടാൻ കഴിയാത്ത സെറീനയ്ക്ക് സെമിയിൽ കടുത്ത വെല്ലുവിളിയാണുള്ളത്. ലോക മൂന്നാം നമ്പർ താരമായ ജപ്പാന്റെ നവോമി ഒസാക്ക ക്വാർട്ടറിൽ തായ് വാന്റെ ഷെയ് സുവെയെ മറികടന്നു 6-2, 6-2).

പുരുഷ വിഭാഗത്തിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് സെർബിയയുടെ ജോക്കോവിച്ച് അവസാന നാലിൽ ഇടം നേടിയത്. ആറാം സീഡ് ജർമനിയുടെ അലക്സാണ്ടർ സവ്‌റേവിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി (6-7, 6-2, 6-4, 7-6). ആദ്യ സെറ്റും നാലാം സെറ്റും ടൈബ്രേക്കറിലാണ് അവസാനിച്ചത്.

റുമാനിയയുടെ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ അട്ടിമറിച്ചാണ് റഷ്യയുടെ അസ്ലൻ കറസ്‌തേവ് സെമിയിലെത്തിയത് (2-6, 6-4, 6-1, 6-2). യോഗ്യത റൗണ്ട് വഴിയെത്തിയ താരം ഓപ്പൺ യുഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ കളിക്കാരനായി. ആദ്യ സെറ്റ് അനായാസം നേടിയ ദിമിത്രോവിന് പരിക്ക് വിനയായി.