തേഞ്ഞിപ്പലം: സംസ്ഥാന അത്‌ലറ്റിക്സ് മീറ്റിന്റെ രണ്ടാംദിനത്തിൽ മലപ്പുറം ട്രാക്കിലും ഫീൽഡിലുമായി അക്കൗണ്ട് തുറന്നു. 14-ൽ താഴെ ആൺകുട്ടികളുടെ വിഭാഗത്തിൽ കെ.കെ. മുഹമ്മദ് നിസാം ഷോട്ട് പുട്ടിലും 16-ൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ കെ. പവിത്ര ജാവലിനിലുമാണ് സ്വർണം നേടിയത്. വനിതാവിഭാഗത്തിൽ ഐഡിയൽ കടകശ്ശേരിയുടെ ദേശീയതാരമായ കെ.എ. റുബീന ഹൈജമ്പിലും സ്വർണം കൈവരിച്ചു.

പറപ്പൂർ ഐ.യു.എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് നിസാം. വേങ്ങര വലിയോറ ചിനയ്ക്കൽ കരുവാൻകുന്നൻ കുഞ്ഞറമു -മെഹ്‌റുന്നീസ ദമ്പതിമാരുടെ മകനായ നിസാം ഈ വർഷമാണ് മത്സരത്തിനിറങ്ങിയത്. കന്നി അങ്കത്തിൽ തന്നെ ദേശീയമത്സരത്തിന് യോഗ്യത നേടിയതിന്റെ സന്തോഷത്തിലാണ്. സ്കൂളിലെ കായികാധ്യാപകനായ വിഷ്ണുപ്രസാദാണ് പരിശീലകൻ.

ഒരുമാസം മുമ്പ് തുടങ്ങിയ വടക്കാങ്ങര ടി.എസ്.എസ്. സ്പോർട്‌സ് അക്കാദമിയുടെ താരമാണ് പവിത്ര. എ.പി. ഉണ്ണിക്കൃഷ്ണനാണ് പരിശീലകൻ.

ജൂനിയർവിഭാഗത്തിൽ രണ്ട് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായി 92.5 പോയിന്റോടെ അഞ്ചാംസ്ഥാനത്താണ് മലപ്പുറം. സീനിയറിൽ ഒരു സ്വർണവും ഒരു വെങ്കലവുമായി ഏഴാംസ്ഥാനത്തും. ബുധനാഴ്ച രാവിലെ ആറരയ്ക്ക് 10 കി.മീ. നടത്തത്തോടെ മത്സരങ്ങൾ തുടങ്ങും. 18-നാണ് സമാപനം.