തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന അത്‌ലറ്റിക്സ് മീറ്റിന്റെ രണ്ടാംദിനം അവസാനിച്ചപ്പോൾ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ എറണാകുളം മുന്നേറുന്നു. സീനിയറിൽ 88 പോയിന്റും ജൂനിയറിൽ 206 പോയിന്റുമായാണ് എറണാകുളത്തിന്റെ കുതിപ്പ്. ഇരുവിഭാഗങ്ങളിലുമായി 21 സ്വർണവും നേടിയിട്ടുണ്ട്.

സീനിയർ വിഭാഗത്തിൽ കോട്ടയം (79), തൃശ്ശൂർ (34) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ജൂനിയർ വിഭാഗത്തിൽ പാലക്കാട് (176) രണ്ടാംസ്ഥാനത്തും കോഴിക്കോട് അര പോയിന്റിന്റെ വ്യത്യാസത്തിൽ മൂന്നാംസ്ഥാനത്തുമാണ്.

20-ൽ താഴെ വിഭാഗം വനിതകളുടെ 4x100മീ. റിലേയിൽ തൃശ്ശൂർ ജില്ല പുതിയ റെക്കോഡ്‌ കുറിച്ചു. ഇ. ആൻസി സോജൻ, പി.ഡി. അഞ്ജലി, ടി.ജെ. ജംഷീല, ആൻ റോസ് ടോമി എന്നിവരടങ്ങിയ ടീമാണ് പുതിയ സമയം (47.17 സെക്കന്റ്) തീർത്തത്.

100 മീ. ഓട്ടത്തിൽ അമൽ പ്രകാശ് (പുരുഷവിഭാഗം കൊല്ലം), എസ്.എസ്. സ്‌നേഹ (വനിത, കോട്ടയം), സി.ആർ. അബ്ദുൾ റസാഖ് (20-ൽ താഴെ ആൺ, പാലക്കാട്), പി.ഡി. അഞ്ജലി (20-ൽ താഴെ പെൺ, തൃശ്ശൂർ), ജോയ് കെ. സൈമൺ (18-ൽ താഴെ ആൺ, ആലപ്പുഴ), രശ്മി ജയരാജ് (18-ൽ താഴെ പെൺ, കോട്ടയം), കാൽവിൻ റോസ്‌വാൻ (16-ൽ താഴെ ആൺ, ആലപ്പുഴ), സാന്ദ്രമോൾ സാബു (16-ൽ താഴെ പെൺ, കോട്ടയം) എന്നിവരാണ് ജേതാക്കൾ.