മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു ടീമിനുവേണ്ടി 200 മത്സരം തികയ്ക്കുന്ന ആദ്യ താരമായി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം.എസ്. ധോനി.

വെള്ളിയാഴ്ച പഞ്ചാബ് കിങ്‌സിനെതിരേ ധോനി കളിച്ചത് സൂപ്പർ കിങ്‌സ് ജേഴ്‌സിയിലെ ഇരുനൂറാം മത്സരമാണ്. ഇതിൽ 176 കളികൾ ഐ.പി.എലിലും 24 എണ്ണം ചാമ്പ്യൻസ് ലീഗിലുമായിരുന്നു. ഒന്നാം മത്സരവും ഇപ്പോൾ ഇരുനൂറാം മത്സരവും പഞ്ചാബ് ടീമിനെതിരേയായി.

2008-ൽ ആദ്യ ഐ.പി.എൽ. മുതൽ ധോനി സൂപ്പർ കിങ്‌സിലുണ്ട്. സൂപ്പർ കിങ്‌സ് ക്യാപ്റ്റനായി മൂന്ന് ഐ.പി.എൽ. കിരീടങ്ങളും രണ്ടുവട്ടം ചാമ്പ്യൻസ് ട്രോഫിയും വിജയിച്ചു.

ഐ.പി.എലിൽ മൊത്തം 206-ാമത് മത്സരമാണിത്. വിലക്കു കാരണം ചെന്നൈ ടീം രണ്ടുവർഷം ഐ.പി.എലിൽ കളിച്ചിരുന്നില്ല. ഇക്കാലത്ത് റൈസിങ് പുണെ ജയന്റ്‌സിനുവേണ്ടി 30 മത്സരം കളിച്ചു.