മുംബൈ: ഐ.പി.എലിൽ ഏപ്രിൽ 12-ന് നടന്ന പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസന്റെ ഇന്നിങ്‌സ് ഇപ്പോഴും ചർച്ചാവിഷയമാണ്. പഞ്ചാബിന്റെ 221 റൺസ് ചേസ് ചെയ്ത രാജസ്ഥാനുവേണ്ടി സഞ്ജു 63 പന്തിൽ 119 റൺസെടുത്തിരുന്നു. അവസാന രണ്ടുപന്തിൽ ജയിക്കാൻ അഞ്ചു റൺസ് വേണ്ടിയിരിക്കേ സഞ്ജു അടിച്ച ഷോട്ടിൽ റൺസ് ഉണ്ടായിരുന്നെങ്കിലും ഓടിയില്ല. നോൺ സ്‌ട്രൈക്കർ എൻഡിലുണ്ടായിരുന്ന ക്രിസ് മോറിസ് ഓടി പാതിദൂരം പിന്നിട്ടപ്പോൾ സഞ്ജു തിരിച്ചയക്കുകയായിരുന്നു. അവസാന പന്തിൽ സിക്‌സ് അടിക്കാം എന്ന പ്രതീക്ഷയാണ് സഞ്ജുവിനെ സ്‌ട്രൈക്ക് നിലനിർത്താൻ പ്രേരിപ്പിച്ചത്. അവസാനപന്തിൽ സിക്‌സിന് ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനിൽ ക്യാച്ചായതോടെ രാജസ്ഥാൻ തോറ്റു.

വ്യാഴാഴ്ച ഡൽഹിക്കെതിരേ ക്രിസ് മോറിസ് അവസാന ഓവറിൽ രണ്ട് സിക്സടിച്ച് കളി ജയിപ്പിച്ചതോടെയാണ് പഞ്ചാബിനെതിരായ മത്സരം വീണ്ടും ചർച്ചയായത്.

‘‘ഞാൻ എന്റെ കളിയെക്കുറിച്ച് പിന്നീട് പുനരാലോചന നടത്താറുണ്ട്. എന്നാൽ, പഞ്ചാബിനെതിരായ ആ മത്സരം നൂറുവട്ടം ആവർത്തിച്ചാലും ആ സിംഗിൾ എടുക്കില്ല’’ -ഡൽഹിക്കെതിരായ മത്സരശേഷം സഞ്ജു പറഞ്ഞു.

സഞ്ജു സിംഗിൾ നിഷേധിച്ചതിൽ വേദനയൊന്നും തോന്നിയില്ലെന്ന് ക്രിസ് മോറിസും പറഞ്ഞു. ‘‘അവസാന പന്തിൽ സഞ്ജു ഒരു സിക്സ് കൂടി അടിച്ചാൽ അദ്‌ഭുതപ്പെടുമായിരുന്നില്ല. അദ്ദേഹം അത്രയും മികച്ച ഫോമിലായിരുന്നു’’ -മോറിസ് കൂട്ടിച്ചേർത്തു.