ദുബായ്: ഫാഫ് ഡുപ്ലെസിയുടെ തകർപ്പൻ അർധസെഞ്ചുറി, മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകൾ, കളിച്ച നാലു ബാറ്റർമാരുടെയും മികച്ച പ്രകടനം. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടപ്പോരാട്ടത്തിൽ ബാറ്റിങ് കരുത്ത് പുറത്തെടുത്ത ചെന്നൈ സൂപ്പർകിങ്‌സിന് മികച്ച സ്കോർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു.

ഓപ്പണർ ഫാഫ് ഡുപ്ലെസി 59 പന്തിൽ 86 റൺസ് നേടി. 20 പന്തിൽ പുറത്താകാതെ 37 റൺസെടുത്ത മോയിൻ അലിയും 15 പന്തിൽ 31 റൺസടിച്ച റോബിൻ ഉത്തപ്പയും മികച്ചപിന്തുണ നൽകി. ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് 27 പന്തിൽ 32 റൺസെടുത്തു. 26 റൺസിന് രണ്ട് വിക്കറ്റെടുത്ത ഓഫ് സ്പിന്നർ സുനിൽ നരെയ്ൻ കൊൽക്കത്ത ബൗളിങ്ങിൽ തിളങ്ങി.

ടോസ് നേടിയ ഫീൽഡിങ് തിരഞ്ഞെടുത്ത കൊൽക്കത്ത നായകൻ ഒയിൻ മോർഗന്റെ തീരുമാനം പിഴച്ചു. നാല് ബാറ്റർമാരും തിളങ്ങിയതോടെ ചെന്നൈ മികച്ചസ്കോറിലെത്തി. ഓപ്പണിങ് വിക്കറ്റിൽ ഋതുരാജും ഡുപ്ലെസിയും ചേർന്ന് 8.1 ഓവറിൽ 61 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമിട്ടു. മൂന്നു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു ഋതുരാജിന്റെ ഇന്നിങ്‌സ്. രണ്ടാം വിക്കറ്റിൽ ഉത്തപ്പയും ഡുപ്ലെസിയും ചേർന്ന് സ്കോറിങ് വേഗത്തിലാക്കി. 25 പന്തിൽ കൂട്ടുകെട്ട് അർധസെഞ്ചുറി പിന്നിട്ടു. 63 റൺസാണ് ഇരുവരും ചേർന്നെടുത്തത്. ഉത്തപ്പ മൂന്നു സിക്സറുകൾ പറത്തി. മൂന്നാം വിക്കറ്റിൽ ഡുപ്ലെസിയും മോയിൻ അലിയും ചേർന്ന് 68 റൺസ് ചേർത്തു.

100-ാം ഐ.പി.എൽ. മത്സരത്തിനിറങ്ങിയ ഡുപ്ലെസി ഏഴു ബൗണ്ടറിയും മൂന്ന് സിക്സും അടക്കമാണ് 86 റൺസ് നേടിയത്. കേവലം രണ്ടു റൺസ് വ്യത്യാസത്തിലാണ് സീസണിലെ ടോപ് സ്കോറർ പട്ടം ദക്ഷിണാഫ്രിക്കൻ താരത്തിന് നഷ്ടമായത്. ഇന്നിങ്‌സിന്റെ അവസാനപന്തിലാണ് പുറത്താകുന്നത്. മൂന്നു സിക്സും രണ്ട് ബൗണ്ടറിയും അടങ്ങുന്നതാണ് മോയിൻ അലിയുടെ ഇന്നിങ്‌സ്.