കാബൂൾ: അഫ്ഗാനിസ്താനിൽ നിന്ന് നൂറോളം ഫുട്‌ബോൾ താരങ്ങളെ ഖത്തറിലെത്തിച്ച് ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫ. താലിബാനുമായി നടന്ന നിരന്തര ചർച്ചകൾക്കു ശേഷമാണ് വനിതാ താരങ്ങൾ ഉൾപ്പെടെയുള്ളവരെ ഖത്തറിലെത്തിച്ചത്.

താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്താനിൽ ഫുട്‌ബോൾ താരങ്ങളുടെ ഭാവി അനിശ്ചിത്വത്തിലായതോടെയാണ് ഫിഫയുടെ ഇടപെടൽ. അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്ത താലിബാൻ വനിതാ താരങ്ങൾ ഫുട്‌ബോൾ കളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ അഫ്ഗാനിസ്താനിലെ പെൺകുട്ടികളുടെ ദേശീയ ഫുട്‌ബോൾ ടീമംഗങ്ങൾ പാകിസ്താനിലേക്ക് പലായനം ചെയ്തിരുന്നു.