ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കിയതിനു പിന്നാലെ പൊട്ടിത്തെറിച്ച് ഡബ്ല്യു.വി. രാമന്‍.

‘എന്റെ പരിശീലനത്തിന്റെ അപാകംകൊണ്ടാണ് മാറ്റിയതെങ്കില്‍ പരാതിയില്ല. പക്ഷേ, മറ്റു കാരണങ്ങളാണെങ്കില്‍ അത് അന്വേഷിക്കണം. എന്നെ കരിവാരിത്തേക്കാന്‍ ചിലര്‍ ശ്രമിച്ചു. അത് വിജയിക്കുകയാണുണ്ടായത്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണം’ -ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗിലിക്കും ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി രാഹുല്‍ ദ്രാവിഡിനും അയച്ച കത്തില്‍ രാമന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സെലക്ടര്‍മാര്‍ രാമനെ മാറ്റി രമേഷ് പൊവാറിനെ പരിശീലകനാക്കിയത്.

ടീമിലെ താരസംസ്‌കാരം അപകടമുണ്ടാക്കുമെന്ന് രാമന്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. സൂപ്പര്‍താരങ്ങളോട് വഴക്കിട്ട് പരിശീലകര്‍ പുറത്താവുകയോ രാജിവെക്കുകയോ ചെയ്യുന്നു. താരങ്ങളില്‍ ആരുടെയും പേര് പറയുന്നില്ലെങ്കിലും ഏകദിന ക്യാപ്റ്റന്‍ മിതാലി രാജിനെയാണ് രാമന്‍ ഉദ്ദേശിച്ചതെന്ന് സൂചനയുണ്ട്. നേരത്തേ മിതാലിയുമായി വഴക്കിട്ടാണ് പൊവാര്‍ പുറത്തായത്.