സെയ്ന്റ് പീറ്റേഴ്‌സ്ബർഗ്: ആദ്യകളിയിലെ നിർഭാഗ്യം ഇത്തവണയും പോളണ്ട് ഗോൾ കീപ്പർ വോയ്‌ചെക് ഷെസ്‌നിയെ പിന്തുടർന്നു. സ്ലോവാക്യക്കെതിരായ കളിയിൽ സെൽഫ്‌ഗോളിന്റെ രൂപത്തിലായിരുന്നെന്നുമാത്രം. സ്ലോവാക്യൻ താരം റോബർട്ട് മാക്കിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് ഷെസ്‌നിയുടെ തലയിൽ തട്ടി ഗോളാകുകയായിരുന്നു. ഇതോടെ യൂറോകപ്പിൽ സെൽഫ് ഗോൾ നേടുന്ന ആദ്യ ഗോൾ കീപ്പറായി ഷെസ്‌നി.

കഴിഞ്ഞ രണ്ട് യൂറോകപ്പുകളിൽ പോളിഷ് ടീമിലുണ്ടായിട്ടും രണ്ടു മത്സരം മാത്രമേ ഷെസ്‌നിക്ക് കളിക്കാൻ കഴിഞ്ഞുള്ളൂ. 2012 യൂറോകപ്പിൽ ഗ്രീസിനെതിരേ ആദ്യകളിയിൽ എതിർതാരത്തെ ബോക്‌സിൽ വീഴ്ത്തി പെനാൽട്ടി വഴങ്ങുകയും ചുവപ്പുകാർഡ് കണ്ട് മടങ്ങുകയും ചെയ്തു. പിന്നീട് കളിക്കാൻ അവസരം ലഭിച്ചില്ല. 2016-ൽ വടക്കൻ അയർലൻഡിനെതിരായ ആദ്യകളിയിൽ പരിക്കേറ്റ് പുറത്തായി. മൂന്ന് യൂറോകപ്പുകളിലായി കളിച്ചത് 258 മിനിറ്റ് മാത്രം.