: കോപ്പ അമേരിക്ക, യൂറോ കപ്പ് ഫുട്‌ബോൾ ആവേശം കത്തിക്കയറുമ്പോൾ ഒരിക്കൽക്കൂടി അർജന്റീന ടീമിനോടുള്ള സ്നേഹം തുറന്നുപ്രകടിപ്പിച്ച് മുൻമന്ത്രിയും സി.പി.എം. നേതാവുമായ എം.എം. മണി. ഫെയ്‌സ് ബുക്കിലൂടെയാണ് മണിയാശാൻ അർജന്റീന ടീമിനോടുള്ള ആരാധന അറിയിച്ചത്. ഇതിന് പിന്തുണ പ്രഖ്യാപിച്ചും വിയോജിപ്പ് പ്രകടിപ്പിച്ചും പ്രമുഖർ എത്തിയതോടെ, രാഷ്ട്രീയത്തിൽ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നവർ ഫെയ്‌സ് ബുക്കിൽ രണ്ടുചേരികളിലായി.

“ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും, വിമർശിക്കുന്നവരുണ്ടാകും അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല.” -മുഖ്യമന്ത്രി പിണറായി വിജയന്റെ വാചക ശൈലിയിൽ എം.എം. മണി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ബ്രസീലിനെതിരേ പന്തുമായി മുന്നേറുന്ന മെസ്സിയുടെ ചിത്രം സഹിതമാണിത്.

“ആശാനേ, ഇത്തവണ കപ്പ് ഞങ്ങൾക്കാണ്, മഞ്ഞപ്പട”- മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ബ്രസീലിന് പിന്തുണയുമായി എത്തി. ഇതൊടൊപ്പം പല പ്രമുഖരും കമന്റുമായി വന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ, അമ്പതിനായിരത്തിലേറെപ്പേർ മണിയാശാന്റെ പോസ്റ്റ് ലൈക്കുചെയ്തപ്പോൾ എണ്ണായിരത്തിലേറെ കമന്റുകളും കിട്ടി.