സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ന്യൂസീലൻഡ് ടീമിനെ കെയ്ൻ വില്യംസൺ നയിക്കും. ഇന്ത്യ-ന്യൂസീലൻഡ് ഫൈനൽ ജൂൺ 18-ന് തുടങ്ങും. ന്യൂസീലൻഡിന്റെ 15 അംഗ സംഘത്തെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

പരിക്കിലായിരുന്ന കെയ്ൻ വില്യംസൺ, ഈയിടെ സമാപിച്ച ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. പകരം ടോം ലാതമാണ് ടീമിനെ നയിച്ചത്. രണ്ടാംടെസ്റ്റിൽ ഇല്ലാതിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ബി.ജെ. വാട്‌ലിങ്ങും തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലുണ്ടായിരുന്ന ജേക്കബ് ഡഫി, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്‌നർ, ഡഗ് ബ്രേസ്‌വെൽ എന്നിവരെ ഒഴിവാക്കി. അജാസ് പട്ടേലാണ് ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നർ.

‘‘ലോകോത്തര ടീമാണ് ഇന്ത്യ. ഫൈനൽ മത്സരം എത്രത്തോളം കടുപ്പമായിരിക്കുമെന്ന് ഞങ്ങൾക്കറിയാം’’ -ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് ന്യൂസീലൻഡ് കോച്ച് ഗാരി സ്റ്റഡ് പറഞ്ഞു.

ടീം: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ടോം ബ്ലന്റൽ, ട്രെന്റ് ബോൾട്ട്, ഡെവൺ കോൺവെ, കോളിൻ ഗ്രാന്ദോം, മാറ്റ് ഹെൻറി, കെയ്ൽ ജാമിസൺ, ടോം ലാതം, ഹെൻറി നിക്കോൾസ്, അജാസ് പട്ടേൽ, ടിം സൗത്തി, റോയസ് ടെയ്‌ലർ, നീൽ വാഗ്നർ, ബി.ജെ. വാട്‌ലിങ്, വിൽ യങ്.