സെഞ്ചൂറിയൻ: പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനും ചേർന്ന റെക്കോഡ് കൂട്ടുകെട്ട് ടീമിന് സമ്മാനിച്ചത് അവിസ്മരണീയ ജയം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വൻി 20 യിൽ 18 ഓവറിൽ 205 റൺസടിച്ച പാകിസ്താൻ ഒമ്പതു വിക്കറ്റിന് ജയിച്ചു. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ അഞ്ചിന് 203, പാകിസ്താൻ 18 ഓവറിൽ ഒന്നിന് 205. നാലു മത്സരങ്ങളുടെ പരമ്പരയിൽ പാകിസ്താൻ മുന്നിലെത്തി (21).

ബാബർ അസം 59 പന്തിൽ 122 റൺസും റിസ്വാൻ 47 പന്തിൽ 73 റൺസും എടുത്തു. ബാബർ 15 ഫോറും നാലു സിക്സും അടിച്ചപ്പോൾ റിസ്വാൻ അഞ്ച് ഫോറും രണ്ടു സിക്സും നേടി. ഇരുവരും ചേർന്ന് 106 പന്തിൽ 197 റൺസെടുത്തു. ട്വന്റി 20 യിലെ ഉയർന്ന നാലാമത്തെ കൂട്ടുകെട്ടും ചേസിങ്ങിലെ ഉയർന്ന കൂട്ടുകെട്ടുമാണിത്. ട്വന്റി 20 യിൽ ചേസ് ചെയ്ത് പാകിസ്താന്റെ വലിയ വിജയം കൂടിയാണിത്.

ഏകദിന റാങ്കിങ്ങിൽ കോലിയെ മറികടന്ന് ബാബർ ഒന്നാമത്

ദുബായ്: ട്വന്റി 20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ റെക്കോഡ് പ്രകടനം നടത്തിയ അതേസമയം, ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം റാങ്കിലെത്തി പാകിസ്താൻ നായകൻ ബാബർ അസമിന് ഇരട്ടനേട്ടം.

മൂന്നുവർഷത്തോളം ഒന്നാം റാങ്കിൽ തുടർന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ മറികടന്നാണ് ഏകദിനത്തിൽ ബാബർ മുന്നിലെത്തിയത്. ബാബറിന് 865 റേറ്റിങ് പോയന്റും കോലിക്ക് 857 പോയന്റുമുണ്ട്. ഇന്ത്യയുടെ രോഹിത് ശർമയാണ് (825) മൂന്നാമത്. ബൗളർമാരിൽ ന്യൂസീലൻഡിന്റെ ട്രെൻറ് ബോൾട്ട് ഒന്നാംസ്ഥാനത്തും ഇന്ത്യയുടെ ജസ്പ്രീത് ബുംറ നാലാമതും നിൽക്കുന്നു.