ന്യൂഡൽഹി: ഇക്കഴിഞ്ഞ ദശകത്തിലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡൺ പുരസ്കാരം വിരാട് കോലിക്ക്. 2010 മുതൽ ’21 വരെയുള്ള കാലത്തെ പുരസ്കാരമാണ് ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയത്.

ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൺ, ഏകദിന ക്രിക്കറ്റ് തുടങ്ങിയശേഷമുള്ള ഓരോ ദശകത്തിലെയും മികച്ച താരത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ മൂന്നു ദശകങ്ങളിൽ ഇന്ത്യക്കാർ മികച്ച താരമായി.

2000-2010 കാലത്തെ മികച്ച താരമായി ശ്രീലങ്കയുടെ സ്പിന്നർ മുത്തയ്യ മുരളീധരനെ തിരഞ്ഞെടുത്തു. 1990 മുതൽ 2000 വരെയുള്ള കാലത്തെ പുരസ്കാരം ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ സ്വന്തമാക്കി. 1980-’90 കാലത്തെ പുരസ്കാരം ഇന്ത്യൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായിരുന്ന കപിൽദേവും 1970-കളിലേത് വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ വിവ് റിച്ചാർഡ്‌സും നേടി.

പുരസ്കാരത്തിന് പരിഗണിച്ച കാലത്ത് വിരാട് കോലി ഏകദിനത്തിൽ 11,000 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 42 സെഞ്ചുറിയുണ്ട്. മുത്തയ്യ മുരളീധരൻ ഇക്കാലത്ത് 335 വിക്കറ്റ് നേടി. സച്ചിൻ തെണ്ടുൽക്കർ 1998-ൽ മാത്രം എട്ട് സെഞ്ചുറികൾ നേടിയിട്ടുണ്ട്. മറ്റൊരു ബാറ്റ്‌സ്മാനും ഒരു കലണ്ടർ വർഷത്തിൽ ഇത്രയും നേട്ടമില്ല. കപിൽദേവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ 1983 ലോകകപ്പ് നേടിയത്. 1970-കളിൽ വെസ്റ്റിൻഡീസിനെ ലോകക്രിക്കറ്റിലെ വൻശക്തകളാക്കി വളർത്തിയതിൽ വിവ് റിച്ചാർഡ്‌സിന് വലിയപങ്കുണ്ട്.