ഐ.പി.എൽ. ക്രിക്കറ്റിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആറു റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ 20 ഓവറിൽ എട്ടുവിക്കറ്റിന് 149 റൺസെടുത്തപ്പോൾ ഹൈദരാബാദ് 20 ഓവറിൽ ഒമ്പതു വിക്കറ്റിന് 143 റൺസിൽ ഒതുങ്ങി. ഗ്ലെൻ മാക്‌സ്‌വെൽ (41 പന്തിൽ 59), വിരാട് കോലി (29 പന്തിൽ 33) എന്നിവരാണ് ബാംഗ്ലൂരിന്റെ പ്രധാന സ്കോറർമാർ. രണ്ട് ഓവറിൽ ഏഴു വിക്കറ്റിന് മൂന്നുവിക്കറ്റെടുത്ത ഇടംകൈയൻ സ്പിന്നർ ഷഹബാസ് അഹമ്മദാണ് കളി ബാംഗ്ലൂരിന് അനുകൂലമാക്കിയത്.

ഡേവിഡ് വാർണർ (37 പന്തിൽ 54), മനീഷ് പാണ്ഡെ (39 പന്തിൽ 38) എന്നിവരുടെ ഇന്നിങ്‌സിലൂടെ ഹൈദരാബാദ് 16 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 115 റൺസിലെത്തിയിരുന്നു. ജയിക്കാൻ നാല് ഓവറിൽ 35 റൺസ് മതിയായിരുന്നു. പതിനാറാം ഓവറിൽ ഒരു റൺസ് മാത്രം വഴങ്ങി ജോണി ബെയർസ്റ്റോ (12), മനീഷ് പാണ്ഡെ, അബ്ദുൾ സമദ് (0) എന്നിവരെ ഷഹബാസ് പുറത്താക്കിയതോടെ കളി തിരിഞ്ഞു. മാക്സ്‌വെൽ കളിയിലെ താരമായി.