: ബുധനാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 33 റൺസിന് പുറത്തായതിന്റെ ദേഷ്യം പരസ്യമായി പ്രകടിപ്പിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിക്ക് ശാസന. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിന്റെ ഓപ്പണറായി ഇറങ്ങിയ കോലി 29 പന്തിൽ 33 റൺസെടുത്തുനിൽക്കേ ജാസൺ ഹോൾഡറുടെ പന്തിൽ വിജയ് ശങ്കർ ക്യാച്ചെടുത്ത് പുറത്താവുകയായിരുന്നു. ഇതിൽ കോലി തീർത്തും അസംതൃപ്തനായിരുന്നു. ഗ്രൗണ്ട് വിടുമ്പോൾ ബൗണ്ടറി റോപ്പിൽ ബാറ്റുകൊണ്ട് അടിച്ച് ആദ്യം ദേഷ്യം പ്രകടിപ്പിച്ചു.

ബാംഗ്ലൂർ ടീമിന്റെ ഡഗ്ഔട്ടിൽ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന കസേരയിൽ ബാറ്റുകൊണ്ട് ആഞ്ഞടിച്ചു. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. സഹതാരങ്ങൾ നോക്കിനിൽക്കേയാണ് ഇങ്ങനെ പെരുമാറിയത്. ഐ.പി.എൽ. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ശാസിച്ചത്.

കോലി കുറ്റം സമ്മതിച്ചു. അടുത്ത രണ്ടു മത്സരങ്ങളിൽ ഇത്തരം പ്രവൃത്തി ആവർത്തിച്ചാൽ പിഴ കിട്ടാൻ ഇടയുണ്ട്.