കാൻബെറ: മരണത്തെ മുഖാമുഖം കണ്ട ഭീതിദമായ കാലംകടന്ന് ക്രിസ് കെയ്ൻസ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഒരുകാലത്ത് ലോകമെങ്ങും ആരാധകരുണ്ടായിരുന്ന ന്യൂസീലൻഡിന്റെ മുൻ ക്രിക്കറ്റർ ഹൃദയാഘാതം വന്നതിനെത്തുടർന്നാണ് മരണാസന്നനായത്.

ഹൃദയാഘാതത്തിനുള്ള ശസ്ത്രക്രിയയ്ക്കിടെ പക്ഷാഘാതവും വന്നതോടെ കെയ്ൻസിന്റെ നില അതിഗുരുതരമായി. ജീവിതത്തിലേക്ക് തിരിച്ചുവരാൻ നേരിയ സാധ്യതയേ ഉള്ളൂവെന്ന് ഡോക്ടർമാർ അടക്കം വിധിയെഴുതിയിടത്തുനിന്നാണ് പൂർണബോധത്തോടെ അദ്ദേഹം തിരിച്ചുവന്നത്. പക്ഷേ അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു.

’ഭാവി എന്താണെന്ന് എനിക്കറിയില്ല. എഴുന്നേൽക്കാനും നടക്കാനും കഴിയുമോ എന്നറിയില്ല. പക്ഷേ, ഞാൻ എഴുന്നേൽക്കും, നടക്കും. അങ്ങനെ ചിന്തിക്കാനേ പറ്റൂ. എന്തായാലും ഞാൻ വളരെ ഭാഗ്യവാനാണ്. അല്ലെങ്കിൽ ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല.’ -കഴിഞ്ഞദിവസം ന്യൂസീലൻഡ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കെയ്ൻസ് പറഞ്ഞു.

1989-2006 കാലത്ത് ന്യൂസീലൻഡിനുവേണ്ടി 62 ടെസ്റ്റിലും 215 ഏകദിനത്തിലും കളിച്ച കെയ്ൻസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 8273 റൺസ് നേടിയിട്ടുണ്ട്.