യൂറോകപ്പിൽ രാജ്യത്തിനായി കളിക്കാൻ അയാൾ കാത്തിരുന്നത് നീണ്ട 20 വർഷമാണ്. ഒടുവിൽ കളിക്കാനിറങ്ങിയപ്പോൾ ടീമിനായി ആദ്യത്തെ ഗോളടിച്ച് ചരിത്രത്തിൽ ഇടവുംപിടിച്ചു. ഗൊരാൻ പാണ്ഡെവെന്ന വടക്കൻ മാസിഡോണയുടെ നായകനാണ് ഈ കഥയിലെയും നായകൻ.

യൂറോകപ്പിൽ കളിക്കുകയെന്നത് പാണ്ഡെവിന്റെ കരിയറിലെ വലിയ ആഗ്രഹമായിരുന്നു. അതിനായാണ് 37-ാം വയസ്സുവരെ പന്ത് കളിതുടർന്നത്. ഒടുവിൽ ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിനിറങ്ങുമ്പോൾ കാത്തിരിപ്പിന് അവസാനമായി. രാജ്യത്തിന്റെയും അരങ്ങേറ്റമത്സരമായിരുന്നു അത്.

കളിയുടെ 28-ാം മിനിറ്റിൽ ഗോൾനേടിയപ്പോൾ യൂറോകപ്പിൽ രാജ്യത്തിന്റെ ആദ്യഗോളായി അത് ചരിത്രത്തിൽ രേഖപ്പെടുത്തി. യുഗോസ്ലാവിയയുടെ ഭാഗമായിരുന്ന സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് മാസിഡോണിയയിരുന്നു ജൻമദേശം. 1991-ലാണ് വടക്കൻ മാസിഡോണിയ നിലവിൽവരുന്നത്. സ്വന്തംരാജ്യത്തെക്കാൾ എഴുവർഷത്തെ മൂപ്പുണ്ട് താരത്തിന്. 2001-ലാണ് രാജ്യത്തിനായി കളി തുടങ്ങിയത്.

ചില്ലറക്കാരനല്ല പാണ്ഡെവ്. യൂറോകപ്പ് യോഗ്യതയ്ക്കുള്ള പ്ലേഓഫിൽ ജോർജിയയെ തോൽപ്പിച്ചപ്പോൾ ഏകഗോൾ നേടിയത് മറ്റാരുമായിരുന്നില്ല. അടുത്തിടെ മുൻലോകചാമ്പ്യൻമാരായ ജർമനിയെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 2-1 ന് ഞെട്ടിച്ചപ്പോഴും ഒരുഗോൾ പാണ്ഡെവിന്റെ വകയായിരുന്നു.

രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ചതിന്റെയും ഗോൾ നേടിയതിന്റെയും റെക്കോഡും സ്വന്തമായുണ്ട്. 120 മത്സരവും 38 ഗോളുമാണ് അന്താരാഷ്ട്ര കരിയറിലുള്ളത്. ക്ലബ്ബ് തലത്തിൽ ലാസിയോ, ഇന്റർമിലാൻ, നാപ്പോളി ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. നിലവിൽ സ്പാനിഷ് ക്ലബ്ബ് ജെനോവയുടെ താരമാണ്.

* യൂറോകപ്പിൽ കളിക്കുന്ന കുഞ്ഞൻരാജ്യമാണ് വടക്കൻ മാസിഡോണിയ. 20 ലക്ഷത്തോളം മാത്രമാണ് ജനസംഖ്യ.