ബുഡാപെസ്റ്റ്: യൂറോകപ്പ് ഫുട്‌ബോളിലെ മരണഗ്രൂപ്പ് പോരാട്ടങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം. രാത്രി 9.30-ന് നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ ഹംഗറിയെ നേരിടും. രാത്രി 12.30-ന് ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന ഫ്രാൻസ്-ജർമനി മത്സരം. ഹംഗറിക്കെതിരായ മത്സരത്തിൽ സ്‌കോർ ചെയ്താൽ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോകപ്പിലെ ഗോൾവേട്ടയിൽ ഒന്നാമനാകും. ഇപ്പോൾ ഒമ്പത്‌ഗോളുമായി ഫ്രാൻസിന്റെ മിഷേൽ പ്ലാറ്റീനിക്കൊപ്പം റെക്കോഡ് പങ്കിടുകയാണ് ക്രിസ്റ്റ്യാനോ. താരനിബിഡമായ പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോയ്ക്കൊപ്പം ഡീഗോ ജോട്ടയും ബെർണാഡോ സിൽവയുമാകും മുന്നേറ്റത്തിൽ. ബ്രൂണോ ഫെർണാണ്ടസ്-ഡാനിലോ പെരേര, ജാവോ മുട്ടീന്യോ എന്നിവർ മധ്യനിരയിൽ കളിച്ചേക്കും. സ്വന്തംനാട്ടിൽ കളിക്കുന്നതിന്റെ അത്മവിശ്വാസത്തിലാണ് ഹംഗറി.

ഫ്രാൻസും ജർമനിയും നേർക്കുനേർ വരുമ്പോൾ യൂറോകപ്പ് പ്രാഥമിക റൗണ്ടിലെ ഏറ്റവും മികച്ച പോരാട്ടം പ്രതീക്ഷിക്കുന്നു. പരിക്ക് മാറിയാൽ കൈലിയൻ എംബാപ്പെക്കൊപ്പം കരീം ബെൻസമയെ മുന്നേറ്റത്തിൽ ഇറക്കിയാകും ഫ്രഞ്ച്പടയെ ദിദിയർ ദെഷാംപ്‌സ് രംഗത്തിറക്കുക. അന്റോയിൻ ഗ്രീസ്മാൻ തൊട്ടുതാഴെ കളിക്കും. പോൾ പോഗ്ബയും എൻഗോളെ കാന്റെയും കളിക്കുന്ന മധ്യനിര സമാനതകളില്ലാത്തതാണ്.

ജർമനിക്കും അതിശക്തമായ മധ്യനിരയുണ്ട്. ടോണി ക്രൂസ്, ജോഷ്വ കിമ്മിച്ച്, ഇൽകേ ഗുണ്ടോഗൻ, റോബിൻ ഗോസെൻസ് എന്നിവരെ മധ്യനിരയിൽ ഇറക്കിയാകും ജോക്കീം ലോവ് ടീമിനെ അണിനിരത്തുക. തോമസ് മുള്ളറും കെയ് ഹാവെർട്‌സും സ്ട്രൈക്കറായ സെർജി നാബ്രിക്ക് താഴെ കളിക്കും.