പാരീസ്: ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ഫൈനലിൽ ഉപയോഗിച്ച റാക്കറ്റ് തന്റെ ആരാധകനായ കുട്ടിക്ക് സമ്മാനിച്ചു.

ഫൈനലിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപ്പിച്ചാണ് ജോക്കോവിച്ച് കിരീടം നേടിയത്.

മത്സരത്തിൽ തന്നെ പ്രചോദിപ്പിച്ചത് ഈ കുട്ടിയാണെന്നും അവൻ തന്റെ ‘കോച്ചാ’യി മാറിയെന്നും മത്സരശേഷം ജോക്കോ പറഞ്ഞു. പോയന്റ് നേടുമ്പോൾ തുള്ളിച്ചാടുകയും പോയന്റ് നഷ്ടപ്പെടുമ്പോൾ രോഷംകൊള്ളുകയും ചെയ്ത കൗമാരക്കാരൻ മത്സരം തുടങ്ങിയപ്പോൾമുതൽ തന്റെ ശ്രദ്ധയിലുണ്ടായിരുന്നതായി ജോക്കോ പറഞ്ഞു.

‘‘ഞാൻ രണ്ടു സെറ്റിന് പിറകിലായിരുന്നപ്പോഴും അവർ എന്നെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അവനാണ് എനിക്ക് തന്ത്രങ്ങൾ പറഞ്ഞുതന്നത്’’ - ജോക്കോ പറഞ്ഞു.

ഫ്രഞ്ച് ഓപ്പണിൽ ജോക്കോയുടെ രണ്ടാംകിരീടവും കരിയറിലെ 19-ാം ഗ്രാൻഡ്സ്ലാം വിജയവുമാണിത്.

ഇതോടെ, ആധുനികകാലത്ത് നാല് ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിലും ഒന്നിലധികംതവണ കിരീടം നേടുന്ന ആദ്യതാരമായി ജോക്കോ. ചരിത്രത്തിൽ ഈനേട്ടം സ്വന്തമാക്കുന്ന മൂന്നാമനായി.

ഇതിഹാസതാരങ്ങളായ റോജർ ഫെഡറർ, റാഫേൽ നഡാൽ എന്നിവർക്ക് കരിയറിൽ 20 വീതം കിരീടങ്ങളുണ്ട്. ഈ വിജയത്തോടെ 19 കിരീടങ്ങളുമായി ജോക്കോവിച്ച് തൊട്ടടുത്തെത്തി.