ഹെൽസിങ്ങോർ: യൂറോ കപ്പിൽ ക്രിസ്റ്റ്യൻ എറിക്‌സൺ കുഴഞ്ഞുവീണതിനെത്തുടർന്ന് നിർത്തിവെച്ച കളി പുനരാരംഭിക്കാനുള്ള തീരുമാനം ശരിയായില്ലെന്ന് ഡെൻമാർക്ക് കോച്ച് കാസ്പർ ജുൽമണ്ടും താരങ്ങളും.

“കളിക്കാരെല്ലാം ഷോക്കിലായിരുന്നു. സമനില തെറ്റിയ അവസ്ഥയിലും. ആ സ്ഥിതിയിൽ കളിക്കാൻ പാടില്ലായിരുന്നു” - ജുൽമണ്ട് പറഞ്ഞു.

“രണ്ടുവഴികളാണ് മുന്നിലുണ്ടായിരുന്നത്. പിറ്റേന്നത്തേക്ക്‌ കളിമാറ്റുക, അല്ലെങ്കിൽ ആ ദിവസം ബാക്കി കളിതുടരുക. അന്നുതന്നെ കളിക്കാൻ ഞങ്ങൾ നിർബന്ധിക്കപ്പെട്ടു. അത് ശരിയായ തീരുമാനമായിരുന്നില്ല” - ഗോൾകീപ്പർ കാസ്‌പെർ ഷ്‌മൈക്കേൽ അഭിപ്രായപ്പെട്ടു. കളി തുടരാനുള്ള തീരുമാനത്തെ സ്‌ട്രൈക്കർ മാർട്ടിൻ ബ്രെയ്ത്ത്‌വെയ്റ്റും വിമർശിച്ചു.

എറിക്‌സൺ കുഴഞ്ഞുവീണതിനെത്തുടർന്ന് നിർത്തിവെച്ച മത്സരം രണ്ടുമണിക്കൂറിനുശേഷം പുനരാരംഭിച്ചപ്പോൾ ഫിൻലൻഡ് 1-0ന് ഡെൻമാർക്കിനെ തോൽപ്പിക്കുകയായിരുന്നു.

ഹൃദയാഘാതം സംഭവിച്ച എറിക്‌സൺ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. ടീമംഗങ്ങളുമായി അദ്ദേഹം വീഡിയോകോളിൽ സംസാരിച്ചു.