ബുക്കാറെസ്റ്റ്: യൂറോകപ്പ് ഫുട്‌ബോളിൽ ഓസ്ട്രിയയ്ക്ക് ജയം. ഗ്രൂപ്പ് സി മത്സരത്തിൽ പുതുമുഖങ്ങളായ വടക്കൻ മാസിഡോണിയയെ കീഴടക്കി (3-1). സ്‌റ്റെഫാൻ ലൈനർ (18), മൈക്കൽ ഗ്രിഗോറിറ്റ്‌സ്ച്ച് (78), മാർക്കോ അർനൗട്ടോവിച്ച് (89) എന്നിവർ ഓസ്ട്രിയയ്ക്കായി സ്‌കോർ ചെയ്തു. മാസിഡോണിയയുടെ ഗോൾ ഗോരാൻ പാണ്ഡവ് (28) നേടി.

മികച്ച ആക്രമണ ഫുട്‌ബോൾ പുറത്തെടുത്താണ് ഓസ്ട്രിയ ജയം നേടിയത്. മാഴ്‌സൽ സാബിറ്റ്‌സർ നൽകിയ ക്രോസിൽ പന്ത് നിലംതൊടുംമുമ്പ് പോസ്റ്റിലേക്ക് തട്ടിയിട്ട് ലൈനർ ഓസ്ട്രിയയെ മുന്നിലെത്തിച്ചു. ഗോൾകീപ്പറുടെ പിഴവിലൂടെ ലഭിച്ച പന്തിനെ കൃത്യമായി വലയിലേക്കയച്ച് പാണ്ഡവ് മാസിഡോണിയയ്ക്ക് സമനില നൽകി. കളിയുടെ അവസാനഘട്ടത്തിൽ ഓസ്ട്രിയ ആക്രമണം ശക്തമാക്കി. നായകൻ ഡേവിഡ് അലാബ നൽകിയ ക്രോസിൽ ലക്ഷ്യംകണ്ട ഗ്രിഗോറിറ്റ്‌സ്ച്ച് ടീമിന് ലീഡ് നൽകി. കളിതീരാൻ ഒരുമിനിറ്റ് ബാക്കിനിൽക്കെ അർനൗട്ടോവിച്ച് പട്ടിക തികച്ചു.