പാരിസ്: സിറ്റ്‌സിപാസിന്റെ യുവത്വത്തിനും ജോക്കോവിച്ചിനെ തളയ്ക്കാനായില്ല. ലോക ഒന്നാംനമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ജേതാവ്. ഞായറാഴ്ച നടന്ന ഫൈനലിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ കീഴടക്കിയാണ് (6-7, 2-6, 6-3, 6-2, 6-4) ജോക്കോ കിരീടമുയർത്തിയത്. ഫ്രഞ്ച് ഓപ്പണിൽ ജോക്കോവിച്ചിന്റെ രണ്ടാംകിരീടവും കരിയറിലെ 19-ാം ഗ്രാൻഡ്സ്ലാം വിജയവുമാണിത്.

ഇതോടെ, ആധുനിക കാലത്ത് നാല് ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിലും ഒന്നിലധികംതവണ കിരീടം നേടുന്ന ആദ്യതാരമായി ജോക്കോ. ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമനാണ്. 52 വർഷംമുമ്പ് ഓസ്‌ട്രേലിയയുടെ റോഡ് ലേവറാണ് അവസാനം ഈ നേട്ടം കുറിച്ചത്. ജോക്കോയ്ക്ക് ഓസ്‌ട്രേലിയൻ ഓപ്പണിൽ ഒമ്പതും വിംബിൾഡണിൽ അഞ്ചും യു.എസ്. ഓപ്പണിൽ മൂന്നും കിരീടങ്ങളുണ്ട്.

ഇതിഹാസതാരങ്ങളായ റോജർ ഫെഡറർ, റാഫേൽ നഡാൽ എന്നിവർക്ക് കരിയറിൽ 20 വീതം കിരീടങ്ങളുണ്ട്. ഈ വിജയത്തോടെ 19 കിരീടങ്ങളുമായി ജോക്കോവിച്ച് തൊട്ടടുത്തെത്തി.

72 മിനിറ്റ് നീണ്ട ആദ്യ സെറ്റ് ടൈബ്രേക്കറിൽ പിടിച്ചെടുത്ത് സിറ്റ്‌സിപാസ് ജോക്കോവിച്ചിന് വെല്ലുവിളി ഉയർത്തി. രണ്ടാംസെറ്റും ഗ്രീക്ക് താരം നേടിയതോടെ പുതിയൊരു താരോദയമുണ്ടാകുമോ എന്ന ആകാംക്ഷ ഉണർന്നു. എന്നാൽ, തന്റെ സ്വതസിദ്ധമായ ശൈലിയിൽ അവസാന മൂന്നുസെറ്റുകളും കൈപ്പിടിയിലൊതുക്കി ജോക്കോ തന്റെ മേധാവിത്വത്തിന് അടിവരയിട്ടു.