സെയ്ന്റ്പീറ്റേഴ്‌സ്ബർഗ്: യൂറോ കപ്പ് ഫുട്‌ബോളിൽ കിരീടസാധ്യത കല്പിക്കപ്പെടുന്ന ബെൽജിയം തകർപ്പൻ ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ബി-യിൽ ഞായറാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ബെൽജിയം റഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളിന്‌ തോൽപ്പിച്ചു. റൊമേലു ലുക്കാക്കു ഇരട്ടഗോൾ (10, 88) നേടിയപ്പോൾ മറ്റൊരു ഗോൾ തോമസ് മ്യൂനിയർ (34) നേടി.

ലോക റാങ്കിങ്ങിൽ ഒന്നാംസ്ഥാനക്കാരായ ബെൽജിയം റഷ്യയ്ക്കെതിരേ സമ്പൂർണ ആധിപത്യം പുലർത്തി. സൂപ്പർ താരം കെവിൻ ഡി ബ്രുയ്ൻ ഇല്ലാതെയാണ് കളിച്ചത്. മറ്റൊരു പ്രധാന താരം ഈഡൻ ഹസാർഡും ആദ്യ ഇലവനിൽ ഇല്ലായിരുന്നു. 27-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ മ്യൂനിയർ പത്തുമിനിറ്റിനകം സ്കോർ ചെയ്തു.

രണ്ടാംപകുതിയിൽ റഷ്യ സമ്മർദം ചെലുത്തിയെങ്കിലും രണ്ടു ഗോളിന്റെ ലീഡ് ഉണ്ടായിരുന്ന ബെൽജിയത്തിന്റെ പ്രതിരോധത്തിൽ പഴുതുണ്ടാക്കാനായില്ല. അവസാന ഘട്ടത്തിൽ മ്യൂനിയറുടെ ക്രോസിൽനിന്ന് ലുക്കാക്കു രണ്ടാംഗോളും നേടി.