മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നൊവാക് ജോക്കോവിച്ച് മത്സരിക്കുന്നതിലെ ആശയക്കുഴപ്പം തുടരവേ, അദ്ദേഹത്തെ ഉൾപ്പെടുത്തി സംഘാടകർ മത്സരക്രമം പ്രഖ്യാപിച്ചു. സെർബിയക്കാരനായ ജോക്കോവിച്ച് നാട്ടുകാരനായ മിയോമിർ കെസ്മനോവിച്ചിനെയാണ് ആദ്യറൗണ്ടിൽ നേരിടേണ്ടത്.

ലോക ഒന്നാംറാങ്കുകാരനും ടൂർണമെന്റിൽ നിലവിലെ ജേതാവുമായ ജോക്കോവിച്ച് കോവിഡ് വാക്‌സിൻ എടുക്കാതെ ഓസ്‌ട്രേലിയയിൽ എത്തിയതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയിരുന്നു. തുടർന്ന് അഭയാർഥികൾ താമസിക്കുന്ന ഹോട്ടലിലേക്കുമാറ്റി. പിന്നീട് കോടതിവിധിയെത്തുടർന്ന് ഹോട്ടലിൽനിന്ന് മോചിപ്പിച്ചെങ്കിലും വിസ വീണ്ടും റദ്ദാക്കാൻ ഓസ്‌ട്രേലിയൻ കുടിയേറ്റമന്ത്രിക്ക് അധികാരമുണ്ട്. ആ അധികാരം ഉപയോഗിക്കുന്നകാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി പറയുന്നു.

എന്നാൽ, ജനുവരി 17-ന് ടൂർണമെന്റ് തുടങ്ങാനുള്ള നടപടി എന്നനിലയ്ക്ക് സംഘാടകർ വ്യാഴാഴ്ച ജോക്കോയെക്കൂടി ഉൾപ്പെടുത്തി മത്സരത്തിന്റെ നറുക്കെടുത്തു.